കേരളത്തിന്റെ ചലച്ചിത്ര മാമാങ്കത്തിന് നാളെ തിരശീല ഉയരും; ദ ഇന്‍സള്‍ട്ട് ഉദ്ഘാടന ചിത്രം
Kerala
കേരളത്തിന്റെ ചലച്ചിത്ര മാമാങ്കത്തിന് നാളെ തിരശീല ഉയരും; ദ ഇന്‍സള്‍ട്ട് ഉദ്ഘാടന ചിത്രം
എഡിറ്റര്‍
Thursday, 7th December 2017, 10:50 pm

തിരുവനന്തപുരം: കേരളത്തിന്റെ ചലച്ചിത്ര മാമാങ്കമായ ഐ.എഫ്.എഫ്.കെയ്ക്കു നാളെ തിരശീല ഉയരും. ലെബനീസ് ചിത്രമായ “ദ ഇന്‍സള്‍ട്ട്” ആണ് ഉദ്ഘാടന ചിത്രം. സിയാദ് ദൗയിരിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് തിരിതെളിയുന്നത്. ഉദ്ഘാടനച്ചടങ്ങിനു ശേഷം വൈകീട്ട് 6 മണിക്കാണ് ദ ഇന്‍സള്‍ട്ട് പ്രദര്‍ശിപ്പിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍, തമിഴ് ചലചിത്ര നടന്‍ പ്രകാശ് രാജ് തുടങ്ങിയവര്‍ ചടങ്ങില്‍പങ്കെടുക്കും.

തിയേറ്ററുകളായ ടാഗോര്‍, കലാഭവന്‍, കൈരളി, ശ്രീ, നിള എന്നിവിടങ്ങളിന്‍ രാവിലെ മുതല്‍ സിനിമകള്‍ പ്രദര്‍ശനമുണ്ടാകും. ടാഗോര്‍ തിയേറ്ററില്‍ രാവിലെ 10 ന് “കിംഗ് ഓഫ് പെക്കിംഗ്”, കലാഭവനില്‍ 10.15 ന് “വുഡ് പെക്കേഴ്‌സ്”, കൈരളിയില്‍ “ഹോളി എയര്‍”, ശ്രീയില്‍ “ഡോഗ്‌സ് ആന്റ് ഫൂള്‍സ്”, നിളയില്‍ 10.30 ന് “ദ ബ്ലസ്ഡ്” എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനമാണ്് നടക്കുക.


Also Read: കുരങ്ങനെന്നും കാലനെന്നും വൈറസെന്നും കോണ്‍ഗ്രസുകാര്‍ മോദിയെ വിളിച്ചിരുന്നെന്ന് അമിത് ഷാ


65 രാജ്യങ്ങളില്‍ നിന്നുള്ള 190 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 14 തിയേറ്ററുകളിലായി ആകെ 445 പ്രദര്‍ശനങ്ങളാണുള്ളത്. കഴിഞ്ഞ തവണത്തേത് പോലെ സീറ്റുകള്‍ നേരത്തെ റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഇത്തവണയും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഡെലിഗേറ്റുകള്‍ക്ക് പ്രദര്‍ശനത്തിന് ഒരു ദിവസം മുമ്പ് ഐ.എഫ്.എഫ്.കെ വെബ്‌സൈറ്റ് വഴിയോ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ സീറ്റുകള്‍ റിസര്‍വ് ചെയ്യാം.

കൂടാതെ വേദികളില്‍ സജ്ജമാക്കിയിട്ടുള്ള ഹെല്‍പ് ഡെസ്‌ക്കുകള്‍ വഴി രാവിലെ എട്ടു മുതല്‍ വൈകീട്ട് ഒന്‍പതുവരെ റിസര്‍വേഷന്‍ നടത്താനും സൗകര്യമുണ്ടാകും. ദിവസവും ഒരാള്‍ക്ക് മൂന്ന് സിനിമകള്‍ക്ക് വരെ സീറ്റ് റിസര്‍വ് ചെയ്യാം. റിസര്‍വേഷനില്‍ മാറ്റം വരുത്താനോ പാസില്ലാതെ പ്രവേശിക്കാനോ അനുമതിയില്ല. നിശ്ചിത സമയത്തിന് ശേഷവും റിസര്‍വ് ചെയ്ത സീറ്റിലേക്ക് ഡെലിഗേറ്റുകള്‍ എത്താതിരുന്നാല്‍ ആ സീറ്റുകളിലേക്ക് ക്യൂവില് നില്‍ക്കുന്നവരെ പരിഗണിക്കും. ഭിന്നശേഷിക്കാരായ ഡെലിഗേറ്റുകള്‍ക്കായി പ്രത്യേകം റാമ്പുള്‍പ്പെടെയുള്ള പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്യൂ നില്‍ക്കാതെ പ്രവേശിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.


Dont Miss: ലൗവ് ജിഹാദ് ആരോപിച്ച് ജീവനോടെ കത്തിച്ച സംഭവത്തെ ന്യായീകരിച്ച് സംഘപരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥ്


ചലച്ചിത്രമേളയുടെ ആദ്യദിനത്തില്‍ 16 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അഞ്ച് തിയേറ്ററുകളിലായി റെട്രോസ്‌പെക്ടീവ്, കണ്ടംപററി, ലോക സിനിമാ വിഭാഗങ്ങളിലുള്ള സിനിമകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. അലക്‌സാണ്ടര്‍ സുകുറോവിന്റെ ഫ്രാങ്കോ ഫോനിയ, മഹ്മല്‍ സലെ ഹാറൂണിന്റെ ഡ്രൈ സീസണ്‍ എന്നിവയാണ് റെട്രോസ്‌പെക്ടീവ്, കണ്ടംപററി വിഭാഗങ്ങളില്‍ നിന്നായി ആദ്യ ദിനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. 13 ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുക.