ന്യൂദല്‍ഹി: 216 കോടി കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടയില്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്യുമെന്ന് നീതി ആയോഗ്.
അഞ്ച് മാസത്തിനിടയില്‍ മുഴുവന്‍ പൗരന്മാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ വ്യക്തമാക്കി.
വിവിധ കൊവിഡ് വാക്സിനുകളുടെ നിര്‍മാണവും വിതരണവുമാണ് അഞ്ച് മാസത്തിനിടയില്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
216 കോടി ഡോസുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അതില്‍ 75 കോടി കൊവിഷീല്‍ഡും 55 കോടി കൊവാക്‌സിനുമായിരിക്കുമെന്നും വി.കെ പോള്‍ പറഞ്ഞു.
ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിന്‍ നിര്‍മാതാക്കളുമായി ഇന്ത്യ ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യയില്‍ വാക്സിന്‍ ലഭ്യമാക്കാന്‍ താത്പര്യമുണ്ടോ എന്ന് അവരോട് ചോദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന്‍ ലഭ്യത വിലയിരുത്തിയശേഷം പ്രതികരിക്കാം എന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളതെന്നും കൊവാക്സിന്‍ നിര്‍മാണത്തില്‍ മറ്റുകമ്പനികളെയും പങ്കാളികളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും വി.കെ പോള്‍ പറഞ്ഞു.