വെള്ളിത്തിളക്കത്തിലും നീരജിന് അഭിമാനിക്കാനേറെ; ചരിത്രത്തിലെ ഇരട്ട നേട്ടങ്ങളില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം
Sports News
വെള്ളിത്തിളക്കത്തിലും നീരജിന് അഭിമാനിക്കാനേറെ; ചരിത്രത്തിലെ ഇരട്ട നേട്ടങ്ങളില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th August 2024, 1:45 pm

 

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ താരമായിരുന്നു നീരജ് ചോപ്ര. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനായ നീരജ് ഇന്ത്യയെ വീണ്ടും പോഡിയത്തിലെത്തിക്കും എന്ന് ഇന്ത്യക്കാര്‍ക്കെല്ലാം തന്നെ ഉറപ്പായിരുന്നു. അദ്ദേഹം ആ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തു.

ടോക്കിയോയിലെന്ന പോലെ സ്വര്‍ണമെഡല്‍ നേടാന്‍ സാധിച്ചില്ലെങ്കിലും മാറ്റ് ഒട്ടും കുറയാത്ത വെള്ളിയുമായാണ് നീരജ് ഇന്ത്യയുടെ മെഡല്‍ പട്ടികയിലേക്ക് മറ്റൊരു മെഡല്‍ കൂടിയെത്തിച്ചത്. പാകിസ്ഥാന്‍ താരവും നീരജിന്റെ പ്രിയ സുഹൃത്തുമായ അര്‍ഷാദ് നദീമാണ് ഈ ഇനത്തില്‍ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടിയത്.

ഫൈനലില്‍ ആദ്യ ത്രോ തന്നെ ഫൗളായിരുന്നു. രണ്ടാം ത്രോയില്‍ 89.45 മീറ്റര്‍ ദൂരമാണ് നീരജ് കണ്ടെത്തിയത്. ശേഷമെറിഞ്ഞ നാല് ത്രോയും ഫൗളായെങ്കിലും രണ്ടാം ത്രോയില്‍ കണ്ടെത്തിയ 89.45 മീറ്റര്‍ മതിയായിരുന്നു ഇന്ത്യക്ക് വെള്ളിയുറപ്പിക്കാന്‍.

ഈ മെഡല്‍ നേട്ടത്തിന് പിന്നാലെ ചില റെക്കോഡുകളും താരത്തെ തേടിയെത്തി. ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി വെള്ളിമെഡല്‍ നേടുന്ന ഒമ്പതാം താരമെന്ന* നേട്ടമാണ് നീരജ് സ്വന്തമാക്കിയത്. എട്ട് തവണ വ്യക്തിഗത ഇനങ്ങളിലും ഒരിക്കല്‍ ടീം ഇനത്തിലും ഇന്ത്യ രജതമണിഞ്ഞു.

ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയ താരങ്ങള്‍

(വര്‍ഷം – താരം – ഇവന്റ് എന്നീ ക്രമത്തില്‍)

2024 – നീരജ് ചോപ്ര – അത്‌ലറ്റിക്‌സ് (ജാവലിന്‍ ത്രോ)*

2021 – രവി കുമാര്‍ ദഹിയ – റെസ്‌ലിങ്

2021 – മീരാ ഭായ് ചാനു – വെയ്റ്റ് ലിഫ്റ്റിങ്

2016 – പി.വി സിന്ധു – ബാഡ്മിന്റണ്‍

2012 – സുശീല്‍ കുമാര്‍ – റെസ്‌ലിങ്

2012 – വിജയ് കുമാര്‍ – ഷൂട്ടിങ്

2024 – രാജ്യവര്‍ധന്‍ സിങ് റാത്തോഡ് – ഷൂട്ടിങ്

1960 – പുരുഷ ഹോക്കി ടീം

1900 – നോര്‍മന്‍ പ്രിച്ചാര്‍ഡ് – അത്‌ലറ്റിക്‌സ് (200 മീറ്റര്‍)

1900 – നോര്‍മന്‍ പ്രിച്ചാര്‍ഡ് – അത്‌ലറ്റിക്‌സ് (200 മീറ്റര്‍ അത്‌ലറ്റിക്‌സ്)

ഇന്ത്യയുടെ ആദ്യ ഒളിമ്പിക്‌സായിരുന്നു 1900ലേത്. പ്രിച്ചാര്‍ഡ് മാത്രമായിരുന്നു അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ചത്. പ്രിച്ചാര്‍ഡിന്റെ ഇരട്ട മെഡലിന്റെ കരുത്തില്‍ 19ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ടോക്കിയോ ഒളിമ്പിക്‌സില്‍ നീരജ് ചോപ്ര ഇന്ത്യക്കായി ജാവലിനില്‍ സ്വര്‍ണം നേടുന്നത് വരെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡല്‍ നേടിയ ഏക താരവും പ്രിച്ചാര്‍ഡ്‌ തന്നെയായിരുന്നു.

2024ല്‍ പാരീസില്‍ എറിഞ്ഞുനേടിയ വെള്ളി മെഡല്‍ മറ്റൊരു നേട്ടത്തിലും നീരജ് ചോപ്രയെ കൊണ്ടുചെന്നെത്തിച്ചിരുന്നു. ഇന്ത്യക്കായി ഒന്നിലധികം വ്യക്തിഗത മെഡലുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് നീരജ് ചെന്നെത്തിയത്.

ഇന്ത്യക്കായി ഒന്നലധികം വ്യക്തിഗത മെഡലുകള്‍ നേടുന്ന താരങ്ങള്‍

നീരജ് ചോപ്ര – അത്‌ലറ്റിക്‌സ് (ജാവലിന്‍ ത്രോ) – 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം, 2024 പാരീസ് ഒളിമ്പിക്‌സില്‍ വെള്ളി.

മനു ഭാക്കര്‍ – ഷൂട്ടിങ് – 2024 പാരീസ് ഒളിമ്പിക്‌സില്‍ രണ്ട് വെങ്കലമെഡലുകള്‍.

പി.വി. സിന്ധു – ബാഡ്മിന്റണ്‍ – 2016 റിയോ ഒളിമ്പിക്‌സില്‍ വെള്ളി, 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലം

സുശീല്‍ കുമാര്‍ – റെസ് ലിങ് – 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളി, 2016 റിയോ ഒളിമ്പിക്‌സില്‍ വെങ്കലം.

നോര്‍മന്‍ പ്രിച്ചാര്‍ഡ് – അത്‌ലറ്റിക്‌സ് (200 മീറ്റര്‍, 200 മീറ്റര്‍ ഹര്‍ഡില്‍സ്) – 1900 പാരീസ് ഒളിമ്പിക്‌സില്‍ രണ്ട് വെള്ളി മെഡല്‍.

 

Content Highlight: 2024 Paris Olympics: Neeraj Chopra has entered the elite lists after winning the silver medal in javelin throw