2023 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്ക മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ നേരിടുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് രണ്ടാം സെമി ഫൈനല്‍ മത്സരത്തിന് വേദിയാകുന്നത്.
മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരുവേള ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ ഡേവിഡ് മില്ലറിന്റെ അപരാജിത ചെറുത്തുനില്‍പാണ് സൗത്ത് ആഫ്രിക്കയെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.
ഡേവിഡ് മില്ലര്‍ 116 പന്തില്‍ നിന്നും 101 റണ്‍സ് നേടിയപ്പോള്‍ പ്രോട്ടിയാസ് 212 റണ്‍സിലെത്തി.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു റെക്കോഡും പിറവിയെടുത്തിരുന്നു. ലോകകപ്പിന്റെ 48 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ പിറന്ന ലോകകപ്പ് എന്ന നേട്ടമാണ് ഇന്ത്യ ആതിഥേയരായ 2023 ലോകകപ്പിന് കൈവന്നിരിക്കുന്നത്.
ഈ ലോകകപ്പിലെ 38ാം സെഞ്ച്വറിയാണ് മില്ലറിലൂടെ പിറന്നത്. ഇതോടെ 2015 ലോകകപ്പിന്റെ റെക്കോഡ് നേട്ടമാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്കാണ് ഈ ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയത്. നാല് തവണ. മോഡേണ്‍ ഡേ ഗ്രേറ്റ് വിരാട് കോഹ്‌ലിയും കിവീസ് യുവതാരം രചിന്‍ രവീന്ദ്രയും മൂന്ന് സെഞ്ച്വറി വീതം നേടി.
ഡാരില്‍ മിച്ചല്‍, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ്, റാസി വാന്‍ ഡെര്‍ ഡസന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഈ ലോകകപ്പില്‍ രണ്ട് സെഞ്ച്വറി വീതവും ഈ ലോകകപ്പില്‍ തങ്ങളുടെ പേരിന് നേരെ എഴുതിച്ചേര്‍ത്തു.
അതേസമയം, ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്കക്കെതിരെ മികച്ച രീതിയില്‍ മറുപടി ബാറ്റിങ് ആരംഭിച്ചിരിക്കുകയാണ്.