ഏറ്റവും കൂടുതല്‍ 200 കടന്ന എഡിഷന്‍; സ്പിന്നര്‍മാരുടെ സ്വന്തം സീസണ്‍; 2023ലെ ഐ.പി.എല്ലിന് പ്രത്യേകതളേറെ
Cricket news
ഏറ്റവും കൂടുതല്‍ 200 കടന്ന എഡിഷന്‍; സ്പിന്നര്‍മാരുടെ സ്വന്തം സീസണ്‍; 2023ലെ ഐ.പി.എല്ലിന് പ്രത്യേകതളേറെ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th April 2023, 11:13 pm

ചരിത്രത്തിലെ ഏറ്റവും രസകരമായ മത്സരങ്ങളിലൂടെയാണ് 2023ലെ ഐ.പി.എല്‍ സീസണ്‍ മുന്നോട്ടുപോകുന്നത്. കൂറ്റന്‍ അടികള്‍ കണ്ട പല മത്സരങ്ങളും അവസാന ഓവറുകള്‍ വരെ ആവേശം വിതറുന്നുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2023ലെ സീസണ്‍ പുതിയ റെക്കോഡിട്ടിരിക്കുകയാണിപ്പോള്‍.

ഇതുവരെയുള്ള മത്സരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ 200ലധികം സ്‌കോര്‍ പിറന്ന സീസണാണ് ഈ പതിപ്പില്‍ സംഭവിച്ചത്. ഇതുവരെ കളിച്ച 38 മത്സരങ്ങളില്‍ നിന്ന് 20 കളികളിലാണ് 200 റണ്‍സ് കവിഞ്ഞത്.

നിലവില്‍ 8.91 സ്‌കോറിങ്ങ് റേറ്റിങ്ങിലാണ് മത്സരങ്ങള്‍ മുന്നോട്ടുപോകുന്നത്. 2018ലെ
നിരക്കായ 8.64 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ റെക്കോഡ്. ഒരേ മത്സരത്തില്‍ ഇരു ടീമുകളും 200 മുകളില്‍ സ്‌കോര്‍ ചെയ്ത ഏഴ് വേദികള്‍ 2023ലെ സീസണില്‍ കണ്ടു. 2022ലെ സീസണില്‍ അഞ്ച് മത്സരങ്ങളിലാണ് ഇരുടീമുകളും 200 അടിച്ച മത്സരങ്ങളുണ്ടായത്.

ഈ വര്‍ഷം അവതരിപ്പിച്ച ഇംപാക്റ്റ് പ്ലെയര്‍ റൂളാണ് ടോട്ടലുകള്‍ കുതിച്ചുയരുന്നതിനതിന് കാരണമെന്നാണ് ഇന്ത്യന്‍ ഇതിഹാസ ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ അഭിപ്രായം. ജിയോ സിനിമയിലെ മീഡിയ ഇന്ററാക്ഷനില്‍ സംസാരിക്കുകായിരുന്നു കുംബ്ലെ.

ബൗളിങ്ങിലേക്ക് വന്നാല്‍ 2023ലെ എഡീഷന്‍ സ്പിന്നര്‍മാരുടെ സീസണാണെന്ന് പറയാന്‍ സാധിക്കും. ഐ.പി.എല്‍ 2023ലെ കണക്കനുസരിച്ച്, സ്പിന്നര്‍മാര്‍ 192 വിക്കറ്റുകള്‍ നേടി.