ന്യൂദല്‍ഹി: ദിവസങ്ങളായി രാജ്യത്ത് പ്രചരിക്കുന്ന ഒരു കാര്യമാണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുവാന്‍ പോവുന്നു എന്നത്. എന്നാല്‍ അത്തരമൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. 2000 നോട്ടുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും ബാങ്കുകള്‍ അത്തരമൊരു ഉത്തരവ് നല്‍കിയിട്ടില്ലെന്നുമാണ് മന്ത്രി വിശദീകരിച്ചത്.
ഗുവാഹത്തിയില്‍ വെച്ചാണ് മന്ത്രിയുടെ പ്രതികരണം. സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരുമായും വ്യവസായികളുമായി ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റിനെ കുറിച്ച് ചര്‍ച്ച നടത്താന്‍ എത്തിയതായിരുന്നു മന്ത്രി.
ഇന്ത്യന്‍ ബാങ്കും എസ്.ബി.ഐയും തങ്ങളുടെ എ.ടി.എമ്മുകളില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പതുക്കെ പതുക്കെ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
2016 നവംബറിലാണ് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ 2000 രൂപ അവതരിപ്പിച്ചത്. കണക്കുകളില്‍പ്പെടാത്ത പണം സൂക്ഷിക്കുന്നവരുടെ പ്രിയപ്പെട്ട കറന്‍സിയായി 2000 രൂപയുടെ നോട്ടുകള്‍ മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്ത കള്ളപ്പണത്തില്‍ 43 ശതമാനം 2000 രൂപ നോട്ടിന്റെ രൂപത്തിലായിരുന്നുവെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.