അബുദാബി: രാജസ്ഥാന്‍ റോയല്‍സ് റിയാന്‍ പരാഗിന് ടീമില്‍ ഇടം നല്‍കുന്നത് തങ്ങളെ അന്ധാളിപ്പിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ആകാശ് ചോപ്രയും ഡെയ്ല്‍ സ്റ്റെയ്നും. ഫാന്‍സി ആഘോഷങ്ങളല്ലാതെ മറ്റൊന്നും ടീമിന് വേണ്ടി ചെയ്യാന്‍ പരാഗിന് സാധിച്ചിട്ടില്ലെന്നാണ് ഇരുവരുടെയും വിമര്‍ശനം.
പരാഗ് ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല. പകരക്കാരനായി ശിവം ദുബെയെ ഇറക്കണമെന്നുമാണ് ഇരുവരുടെയും ആവശ്യം.
ഈ സീസണില്‍ 10 മത്സരം കളിച്ച പരാഗ് 84 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്. താരത്തിന്റെ ബാറ്റിങ്ങ് ശരാശരി 12ഉം ബോളിങ്ങില്‍ ഒരു വിക്കറ്റുമാണ് നേടിയിട്ടുള്ളത്. ശരാശരി 11.50 റണ്‍സാണ് ഒരോ ഓവറിലും താരം വിട്ടുനല്‍കുന്നത്.
”ഒരു പ്രത്യേക രീതിയില്‍ പന്തെറിയുന്നത് മാറ്റിനിര്‍ത്തിയാല്‍ മറ്റെന്താണ് പരാഗ് ചെയ്യുന്നത്. ശിവം ദുബെയെ 4.5 കോടിക്കാണ് ടീം വാങ്ങിയത് പിന്നെ എന്താണ് ദൂബെ സൈഡ് ബെഞ്ചില്‍ ചെയ്യുന്നത്,’ ചോപ്ര ചോദിക്കുന്നു.
സീസണില്‍ താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുന്ന ദുബെ 145 റണ്‍സ് നേടിയിട്ടുണ്ടെന്നും 24.16 റണ്‍സാണ് അദ്ദേഹത്തിന്റെ ബാറ്റിങ്ങ് ശരാശരിയെന്നും ചോപ്ര ഓര്‍മപ്പെടുത്തി.
പരാഗിന് പകരം ദുബെയെ കളത്തിലിറക്കണമെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബോളര്‍ ഡെയ്ല്‍ സ്റ്റെയ്നിന്റെയും ആവശ്യം. പരാഗ് ചില ഫാന്‍സി ആഘോഷങ്ങളെല്ലാതെ മറ്റൊന്നും ചെയ്തതായി താന്‍ ഓര്‍ക്കുന്നില്ലെന്നും സ്റ്റെയ്ന്‍ പരിഹാസരൂപേണ പറഞ്ഞു.
ടീം ഡയറക്ടര്‍ സംഗക്കാര ഒരു പ്രത്യേകതയും കാണാതെ പരാഗിന് അവസരം നല്‍കില്ലെന്നും പക്ഷേ അത് ഇതുവരെ പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിട്ടില്ലെന്നും സ്റ്റെയ്ന്‍ പറഞ്ഞു.
2019ലാണ് പരാഗ് രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായത്. അക്രമണശൈലിയോടെയുള്ള ബാറ്റിങ്ങിലാണ് താരം ശ്രദ്ധിക്കപ്പെട്ടത്.