ഗുരു ഗ്രന്ഥ സാഹിബിന്റെ പേജുകൾ കീറിയെന്നാരോപിച്ച് പഞ്ചാബിൽ 19കാരനെ ആൾകൂട്ടം മർദിച്ചു കൊന്നു
India
ഗുരു ഗ്രന്ഥ സാഹിബിന്റെ പേജുകൾ കീറിയെന്നാരോപിച്ച് പഞ്ചാബിൽ 19കാരനെ ആൾകൂട്ടം മർദിച്ചു കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th May 2024, 5:14 pm

ചണ്ഡീഗഡ് : പഞ്ചാബിലെ ഗുരുദ്വാരയിലെ ഗുരു ഗ്രന്ഥ സാഹിബിന്റെ പേജുകള്‍ കീറിയെന്നാരോപിച്ച് 19 വയസ്സുള്ള യുവാവിനെ ആള്‍കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ഫിറോസ്പൂരിലെ ബന്ധലാപുര്‍ ഗ്രാമത്തിലെ ബക്ഷീഷ് എന്ന യുവാവിനെയാണ് ആള്‍കൂട്ടം കൊലപ്പെടുത്തിയത്.

ഗുരുദ്വാരയുടെ അകത്തു പ്രവേശിച്ച ബക്ഷീഷ് സിങ് ഗ്രന്ഥത്തിന്റെ ചില പേജുകള്‍ കീറിയെന്നായിരുന്നു ആരോപണം. വിവരമറിഞ്ഞെത്തിയ ആളുകള്‍ ബക്ഷീഷിനെ പിടികൂടുകയും മര്‍ദിക്കുകയുമുണ്ടായി. മര്‍ദനത്തെ തുടര്‍ന്ന് അവശ നിലയിലായ യുവാവ് മരണപ്പെടുകയായിരുന്നു.

പേജുകള്‍ കീറിയെന്ന വിവരം അറിഞ്ഞയുടന്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് സൗമ്യ മിശ്ര ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. ശ്രീ ഗുരു ഗ്രന്ഥ സാഹിബ് സത്കര്‍ കമ്മിറ്റി ചെയര്‍മാന്‍ ലഖ്വീര്‍ സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബക്ഷീഷ് സിങ്ങിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 295 എ പ്രകാരമാണ് കേസെടുത്തിരുന്നത്.

അതേ സമയം കൊലപാതകം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ പ്രതികള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.മകനെതിരെ പൊലീസ് കേസെടുത്തത് തന്നെ ഏറെ വേദനിപ്പിച്ചെന്ന് ബക്ഷീഷിന്റെ പിതാവ് പറഞ്ഞു. ബക്ഷീഷ് സിങ്ങിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നെന്നും ചികിത്സയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി സംഭവത്തെ അപലപിച്ചു കൊണ്ട് പ്രസ്താവനയിറക്കി. കുറ്റവാളികളെ ശിക്ഷിക്കുന്നതിലും നിയമപ്രകാരം മാതൃകാപരമായ ശിക്ഷകള്‍ നല്‍കുന്നതിലും സംഭവിച്ച പരാജയമായാണ് ബക്ഷീഷിന്റെ കൊലപാതകത്തെ കാണുന്നത് എന്നായിരുന്നു പരാമര്‍ശം.

നീതി നല്‍കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന വീഴ്ചയാണ് നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് എന്ന് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി വ്യകത്മാക്കി. സമൂഹം എക്കാലവും രാജ്യത്തിന്റെ നിയമത്തെയും ഭരണഘടനയെയും ബഹുമാനിക്കുന്നുവെന്നും കമ്മിറ്റി
കൂട്ടിച്ചേര്‍ത്തു.

Content Highlight: 19 year old man was brutally beaten to death at gurdwara