റെക്കോഡ് സ്‌കോറില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച് കേരളം; വിജയ് ഹസാരയില്‍ രണ്ട് സെഞ്ച്വറി മികവില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം
Sports News
റെക്കോഡ് സ്‌കോറില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച് കേരളം; വിജയ് ഹസാരയില്‍ രണ്ട് സെഞ്ച്വറി മികവില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th December 2023, 6:43 pm

വിജയ് ഹസാരെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം. സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മഹാരാഷ്ട്ര ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 384 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യമാണ് മഹാരാഷ്ട്രയ്ക്ക് മുമ്പില്‍ കെട്ടിപ്പടുത്തുയര്‍ത്തിയത്. വിജയ് ഹസാരെ ട്രോഫി ചരിത്രത്തില്‍ കേരളം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണിത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്ര 37.4 ഓവറില്‍ 230 റണ്‍സ് മാത്രം നേടി ഓള്‍ ഔട്ട് ആയി കേരളത്തിനു മുമ്പില്‍ തലകുനിക്കുകയായിരുന്നു. വമ്പന്‍ വിജയത്തോടെ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരിക്കുകയാണ്.

കേരളത്തിനായി രണ്ട് ഓപ്പണര്‍മാരും സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഓപ്പണര്‍മാരായ കൃഷ്ണ പ്രസാദും രോഹന്‍ കുന്നുമ്മലും സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. 137 പന്തില്‍ 144 റണ്‍സാണ് കൃഷ്ണ പ്രസാദ് നേടിയത്. 13 ഫോറുകളുടെയും നാല് പടുകൂറ്റന്‍ സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു പ്രസാദിന്റെ വെടിക്കെട്ട് ഇന്നിങ്സ്. മറുഭാഗത്ത് രോഹന്‍ കുന്നുമ്മലും സെഞ്ച്വറി നേടി. 95 പന്തില്‍ 120 റണ്‍സ് നേടികൊണ്ടായിരുന്നു രോഹന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 18 ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 126.32 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു രോഹന്‍ ബാറ്റ് വീശിയത്. 34 ഓവറില്‍ 218 റണ്‍സിന്റെ പടുകൂറ്റന്‍ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

നായകന്‍ സഞ്ജു സാംസണ്‍ 25 പന്തില്‍ 29 റണ്‍സ് നേടി പുറത്തായി. അവസാനം വിഷ്ണു വിനോദും അബ്ദുല്‍ ബാസിത്തും ചേര്‍ന്ന് നടത്തിയ വെടിക്കെട്ടിലൂടെ കേരളം റെക്കോഡ് ടോട്ടല്‍ നേടുകയായിരുന്നു. വിഷ്ണു നാല് സിക്സറും ഒരു ഫോറും ഉള്‍പ്പെടെ 43 റണ്‍സും ബാസിത് 18 പന്തില്‍ 35 റണ്‍സും നേടി മികച്ച സ്‌കോറിലേക്ക് കേരളത്തെ നയിക്കുകയായിരുന്നു.

Saurashtra vs Maharashtra Highlights, Vijay Hazare Trophy 2022 Final: SAU  lift second title with 5-wicket win over MAH | Hindustan Times

മഹാരാഷ്ട്രയുടെ ഓപ്പണര്‍മാരായ ഓം ദത്താത്രേയയും കൗശല്‍ താംബെയും മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. ദത്താത്രേയ 71 പന്തില്‍ ഒരു സിക്‌സറും 11 ബൗണ്ടറിയും അടക്കം 78 റണ്‍സ് നേടിയപ്പോള്‍ കൗശല്‍ 52 പന്തില്‍ നാലു ബൗണ്ടറികള്‍ അടക്കം 50 റണ്‍സ് നേടി. വണ്‍ ഡൗണ്‍ ഇറങ്ങിയ ക്യാപ്റ്റന്‍ കേദാര്‍ ജാദവിന് ഏഴ് പന്തില്‍ രണ്ടു ബൗണ്ടറി അടക്കം 11 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. പിന്നീടങ്ങോട്ട് വന്‍ ബാറ്റിങ് തകര്‍ച്ച ആയിരുന്നു ടീം നേരിടേണ്ടി വന്നത്. മധ്യനിരക്ക് ശേഷം ഇറങ്ങിയ നിഖില്‍ നായിക് 21 റണ്‍സും രാമകൃഷ്ണ ഘോഷ് ഇരുപതു റണ്‍സും നേടി വിജയത്തിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കേരളത്തിന്റെ ശക്തമായ ബൗളിങ്ങില്‍ മഹാരാഷ്ട്ര നിലം പതിക്കുകയായിരുന്നു.

കേരളത്തിനുവേണ്ടി ശ്രേയസ് ഗോപാല്‍ 8.4 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കൂടെ വൈശാഖ് ചന്ദ്രന്‍ ഒമ്പത് ഓവറില്‍ 39 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. ബേസില്‍ തമ്പിക്കും അഖില്‍ സത്താറിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

കേരളത്തിന്റെ ബാറ്റിങ് നിരയെ മഹാരാഷ്ട്രയുടെ ബൗളിങ് നിരക്ക് തകര്‍ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പ്രദീപ് ദാധേ, മനോജ് ഇങ്കലേ, രാമകൃഷ്ണ ഘോഷ്, അസിം കാസി എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ തിങ്കളാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജസ്ഥാനെയാണ് കേരളം നേരിടേണ്ടത്.

 

Content Highlight: Kerala secure quarter finals in Vijay Hazare Trophy