ലഖ്നൗ: ഉത്തര്‍പ്രദേശിലെ അക്ബര്‍ നഗറില്‍ ബുള്‍ഡോസര്‍ രാജ് തുടരുന്നു. കഴിഞ്ഞ ഒമ്പത് ദിവസം കൊണ്ട് അക്ബര്‍ നഗറിലെ 1200 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. കുക്രയില്‍ നദിയുടെ പുനരുജ്ജീവനത്തിനും മുസ്‌ലിം ഭൂരിപക്ഷ മേഖലയിലെ കൈയേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനുമാണ് നടപടിയെന്നാണ് വിശദീകരണം.
അക്ബര്‍ നഗറിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് നടപടി ആരംഭിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ പ്രദേശിക ഭരണകൂടം ബുള്‍ഡോസ് ചെയ്തത് 1068 അനധികൃത പാര്‍പ്പിടങ്ങളും 101 വാണിജ്യ കേന്ദ്രങ്ങളുമാണ്. രണ്ട് ഷിഫ്റ്റുകളിലായി 42 ബുള്‍ഡോസറുകളാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്.
ജൂണ്‍ 10 മുതലാണ് അക്ബര്‍ നഗറില്‍ ബുള്‍ഡോസര്‍ രാജ് ആരംഭിച്ചത്. ലഖ്നൗ ഡെവലപ്‌മെന്റ് അതോറിറ്റി (എല്‍.ഡി.എ) ആണ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നത്. ലഖ്നൗ നഗരവികസനത്തിന്റെ ആസൂത്രണം, വികസനം, നിര്‍വഹണം എന്നിവയ്ക്കായി ചുമതലപ്പെടുത്തിയിരിക്കുന്ന പ്രധാന സ്ഥാപനമാണ് എല്‍.ഡി.എ.
രണ്ട് ദിവസത്തിനകം പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്.
കുക്രയില്‍ നദിയുടെ തീരങ്ങളില്‍ അനധികൃത നിര്‍മാണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷമാണ് എല്‍.ഡി.എ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. വര്‍ഷങ്ങളായി പ്രാദേശിക വാസികള്‍ നദിയുടെ തീരം കൈവശം വെച്ചിരിക്കുന്നതായാണ് എല്‍.ഡി.എയുടെ വാദം.
വാദത്തിനൊടുവില്‍ സ്ഥലം ഒഴിയാന്‍ മാര്‍ച്ച് 31 വരെ അലഹബാദ് ഹൈക്കോടതി സമയം അനുവദിച്ചു. പിന്നാലെ അക്ബര്‍ നഗറിലെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ എല്‍.ഡി.എയെ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെ സുപ്രീം കോടതി ശരിവെക്കുകയുമുണ്ടായി.