national news
ബീഹാറില്‍ 12 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന പാലം ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 18, 01:44 pm
Tuesday, 18th June 2024, 7:14 pm

പാട്ന: ബീഹാറില്‍ 12 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന പാലം തകര്‍ന്നുവീണു. സംസ്ഥാനത്തെ അരാരിയയിലാണ് സംഭവം. ബക്ര നദിക്ക് കുറുകെ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് പാലമാണ് ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്നത്.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അരാരിയ ജില്ലയിലെ കുര്‍സകാന്തക്കും സിക്തിക്കും ഇടയിലുള്ള യാത്ര എളുപ്പമാക്കുന്നതിനായാണ് ഈ പാലം നിര്‍മിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് തവണയാണ് പാലം തകര്‍ന്നുവീണത്. നിലവില്‍ പാലത്തിന്റെ സെന്‍ട്രല്‍ പില്ലര്‍ മാത്രമാണ് അവശേഷിക്കുന്നത്.

അപകടത്തിന് പിന്നാലെ, പാലം ഒരു ഭാഗത്തേക്ക് ചരിയുന്നതും തുടര്‍ന്ന് ആളുകള്‍ തടിച്ചുകൂടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിക്തി എം.എല്‍.എ വിജയകുമാര്‍ രംഗത്തെത്തി. നിര്‍മാണ കമ്പനിയുടെ അനാസ്ഥ മൂലമാണ് പാലം തകര്‍ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ കൊണ്ടാണ് പാലം നിര്‍മിച്ചതെന്ന് നാട്ടുകാര്‍ പ്രതികരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുമ്പ് നിര്‍മിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് പൊളിച്ച്, അതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടാണ് തകര്‍ന്ന പാലം നിര്‍മിച്ചിരുന്നത്. അപ്രോച്ച് റോഡ് പുനഃസ്ഥാപിക്കാനുള്ള പണികള്‍ നടക്കുന്നതിനിടെയാണ് പാലം തകര്‍ന്നതെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് ആദ്യമായല്ല ബീഹാറില്‍ നിര്‍മാണത്തിലിരിക്കെ ഒരു പാലം തകരുന്നത്. ഭഗല്‍പൂരിലെ പാലം തകര്‍ന്നത് വലിയ വിവാദമായിരുന്നു. ഭഗല്‍പൂരിനെയും ഖഗാരിയയെയും ബന്ധിപ്പിക്കുന്ന ഈ പാലം രണ്ടുതവണയാണ് തകര്‍ന്നത്.

2023 ഏപ്രില്‍ 30ന് ആയിരുന്നു ആദ്യമായി പാലം തകര്‍ന്നത്. പിന്നീട് ജൂണ്‍ നാലിന് പാലം രണ്ടാമതും തകര്‍ന്നു. സംഭവത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയുമുണ്ടായി. തുടര്‍ന്ന് രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെയും പൊതുമരാമത്തിനെതിരെയും സംസ്ഥാനത്ത് ഉയര്‍ന്നത്.

Content Highlight: 12 crore bridge in Bihar collapsed before its inauguration