നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിനു മുന്നില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി ഡി.വൈ.എസ്.പി. ബി. ഹരികുമാര്‍ തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് വന്നതായി സൂചന. തമിഴ്നാട്ടിലും കര്‍ണാടകയിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഹരികുമാര്‍ കീഴടങ്ങുന്നതിന്റെ മുന്നോടിയായാണ് കേരളത്തില്‍ തിരിച്ചെത്തിയതെന്നാണ് പുതിയ വിവരം.
ഹരികുമാര്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും. ജാമ്യാപേക്ഷ നിലനില്‍ക്കുമ്പോള്‍ കീഴടങ്ങിയാല്‍ അറസ്റ്റ് ഒഴിവാക്കാം. എന്നാല്‍ കേസ് അട്ടിമറിക്കാനും പ്രതിയെ സംരക്ഷിക്കാനും പൊലീസ് കൂട്ടുനില്‍ക്കുന്നു എന്ന ആക്ഷേപം ഉയരുന്നതിനാല്‍ കീഴടങ്ങും മുന്‍മ്പ് പ്രതിയെ പിടികൂടാന്‍ ആണ് പൊലീസ് നീക്കം.
ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്, കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി ഇന്ന് സനല്‍ മരണപ്പെട്ട സ്ഥലത്തിനടുത്ത് ഉപവസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹരികുമാറിനെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഹരികുമാറിന്റെ സഹോദരന്‍ മാധവന്‍ പിള്ളയെ പൊലീസ് കസ്റ്റഡിയിലെടുക്കും. ഇതിനു മുന്നോടിയായി ഇയാള്‍ക്ക് നോട്ടീസ് നല്‍കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍, സനലിന്റെ കൊലപാതകം മന:പൂര്‍വമെന്ന് ക്രൈംബ്രാഞ്ച്. വാഹനം വരുന്നത് കണ്ടതിനാലാണ് സനലിനെ ഡി.വൈ.എസ്.പി തള്ളിയിട്ടതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡി.വൈ.എസ്.പിക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാകില്ലെന്നും ക്രൈംബ്രാഞ്ച്് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സാക്ഷി മൊഴികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന റിപ്പോര്‍ട്ട് ഇന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കും
അതേസമയം സനലിന്റെ ഭാര്യ ഇന്ന് തിരുവനന്തപുരത്ത് ഉപവാസം നടത്തും. പത്ത് മണി മുതല്‍ നാല് മണി വരെയാണ് ഉപവാസം. ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കില്ലെന്നും സി.ബി.ഐ അന്വേഷണം കൊണ്ടുവരണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. മന:പൂര്‍വ്വം അന്വേഷണം വഴി തിരിച്ചുവിടുകയാണെന്നും പരാതിയുണ്ട്.
ഹരികുമാറിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘത്തലവന്‍ ഉള്‍പ്പെടെയുള്ളവര്‍ കര്‍ണാടകയിലെത്തിയപ്പോഴേക്കും ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. അന്വേഷണസംഘം സമിഴ്‌നാട്ടിലെത്തിയപ്പോള്‍ പ്രതി കേരളത്തിലേക്ക് കടന്നുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
കഴിഞ്ഞദിവസം പൊലീസ് അറസ്റ്റുചെയ്ത സതീഷ്‌കുമാര്‍, ഹരികുമാറിന്റെ സുഹൃത്ത് ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണ എന്നിവരെ കോടതി റിമാന്‍ഡ്‌ചെയ്തു. കൊലയ്ക്കുശേഷം ഹരികുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് സതീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് നിന്ന് തൃപ്പരപ്പ് വരെയെത്താന്‍ ഉപയോഗിച്ച കാര്‍ തിരികെ കൊണ്ടുവരുന്നതിനിടെയാണ് ബിനുവിന്റെ മകന്‍ അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തൃപ്പരപ്പില്‍നിന്ന് അനൂപിന്റെ ബന്ധുവിന്റെ കാറിലാണ് ഹരികുമാറും ബിനുവും രക്ഷപ്പെട്ടത്. സതീഷിന്റെ ഡ്രൈവറാണ് ഇവരുടെ കാര്‍ ഓടിക്കുന്നത്. തൃപ്പരപ്പില്‍നിന്ന് ഇവരെടുത്ത സിം കാര്‍ഡ് ഉപേക്ഷിച്ചതായാണ് വിവരം. തമിഴ്നാട്ടില്‍ ബന്ധങ്ങളുള്ള ഇവര്‍ക്ക് മറ്റാരുടെയോ സഹായത്തോടെ പുതിയ സിം കാര്‍ഡ് ലഭിച്ചെന്നാണ് പോലീസ് സംശയിക്കുന്നത്. താമസത്തിനും യാത്രയ്ക്കുമുള്ള പണം ഇവര്‍ക്ക് പലരും നല്‍കുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.