ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിരുന്നു ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍. പ്ലെയറായും കോച്ചായും തന്റെ കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ സിദാന്‍ സ്വന്തമാക്കിയിട്ടുണ്ട്.
റയല്‍ മാഡ്രിഡിന്റെ കോച്ചായിരുന്ന മുന്‍ താരം കഴിഞ്ഞ സീസണിലാണ് പരിശീലക സ്ഥാനമൊഴിയുന്നത്. തുടര്‍ന്ന് പല വന്‍ ക്ലബ്ബുകളിലേക്കും പരിശീലകനായി ക്ഷണം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പോകാന്‍ തയ്യാറായിരുന്നില്ല.
ഖത്തര്‍ ലോകകപ്പിന് ശേഷം അഞ്ച് രാജ്യങ്ങള്‍ സിദാനെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ക്ഷണിച്ചിരുന്നെന്നും എന്നാല്‍ അദ്ദേഹം ഓഫറുകള്‍ നിരസിക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പോര്‍ച്ചുഗല്‍, ബ്രസീല്‍, യു.എ.ഇ തുടങ്ങിയ ടീമുകളില്‍ നിന്നുള്ള ഓഫറാണ് സിദാന്‍ നിരസിച്ചത്. ലെ എക്വിപ്പയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫ്രാന്‍സ് ദേശീയ ടീമിന്റെ പരിശീലകനാകണമെന്ന ദീര്‍ഘ നാളത്തെ ആഗ്രഹമാണ് താരത്തെ ക്ലബ്ബ് ഫുട്ബോളിലേക്ക് പോകുന്നതില്‍ നിന്ന് വിലക്കിയത്. എന്നാല്‍ ലോകകപ്പിന് ശേഷം നിലവില്‍ ഫ്രഞ്ച് ടീമിന്റെ പരിശീലകനായ ദിദിയര്‍ ദെഷാംപ്സിന്റെ കരാര്‍ പുതുക്കിയതോടെ സിദാന്‍ ക്ലബ് ഫുട്‌ബോളിലേക്ക് മടങ്ങുന്നു എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.
മുമ്പ് കളിച്ചിരുന്ന ഇറ്റാലിയന്‍ ക്ലബായ യുവന്റസിലേക്കാണ് സിദാന്‍ ചേക്കേറുന്നതെന്നാണ് റിപ്പോര്‍ട്ട്. പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടി സിദാനും യുവന്റസ് നേതൃത്വവും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്.
ഈ സീസണില്‍ യുവന്റസ് അത്ര മികച്ച ഫോമിലല്ല കളിച്ചു കൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്ന മത്സരത്തില്‍ നാപ്പോളിയോട് ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ തോല്‍വി വഴങ്ങിയ യുവന്റസ് നാപ്പോളിക്ക് പത്ത് പോയിന്റ് പിന്നില്‍ മൂന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ അല്ലെഗ്രിക്ക് സ്ഥാനം നഷ്ടമായേക്കാം. ഈ സീസണിലെ യുവന്റസിന്റെ പ്രകടനം വിലയിരുത്തിയതിന് ശേഷമാകും സിദാന് അവസരം നല്‍കുക.
ഇതിനിടെ സിദാന്‍ പി.എസ്.ജിയുടെ കോച്ചാകാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സിദാനെ പരിശീലകനാക്കാന്‍ പി.എസ്.ജി നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു.