ബംഗ്ലാദേശിനെ വീണ്ടും നാണക്കേടില്‍ ആറാടിച്ച് സിംബാബ്‌വേ. ബംഗ്ലാദേശിനെതിരെ നടന്ന ടി-20 പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരവും ഒപ്പം പരമ്പരയും ജയിച്ചുകൊണ്ടായിരുന്നു സിംബാബ്‌വേ ബംഗ്ലാദേശിനെ എടുത്തങ്ങ് ഉടുത്തത്.
അവസാന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 67ന് ആറ് എന്ന നിലയില്‍ ഉഴറി നിന്ന സിംബാബ്‌വേയെ റയാന്‍ ബേളിന്റെ അപരാജിത ഇന്നിങ്‌സായിരുന്നു കരകയറ്റിയത്.
28 പന്തില്‍ നിന്നും 54 റണ്‍സുമായി തിളങ്ങിയ ബേള്‍, ഷെവ്‌റോണ്‍സിനെ 156 എന്ന നിലയിലേക്കെത്തിച്ചിരുന്നു. താരത്തിന്റെ അര്‍ധ സെഞ്ച്വറിയെക്കാള്‍ ക്രിക്കറ്റ് ലോകം ആഘോഷമാക്കുന്നത് ഒരു ഓവറില്‍ ബേള്‍ സ്വന്തമാക്കിയ 34 റണ്‍സിനെയാണ്.
ആദ്യ ഓവറില്‍ ആറ് എന്ന എക്കോണമി മാത്രമുണ്ടായിരുന്ന നൗസമിന് രണ്ടാം ഓവര്‍ കഴിയുമ്പോള്‍ എക്കോണമി 20ലേക്ക് ഉയര്‍ന്നിരുന്നു.
ഒന്നാം ഓവറില്‍ ഒരു വിക്കറ്റും നേടിയ ബൗളറെ ഒരു ദയവും കാണിക്കാതെയായിരുന്നു ബേള്‍ തല്ലിയൊതുക്കിയത്.
ബേളിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സായിരുന്നു സിംബാബ്‌വേ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 146 റണ്‍സ് മാത്രമായിരുന്നു നേടിയത്.
തകര്‍ച്ചയില്‍ നിന്നും വിജയത്തിലേക്ക് ഷെവ്‌റോണ്‍സിനെ കൈപിടിച്ചുയര്‍ത്തിയ റയാന്‍ ബേള്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വേ 17 റണ്‍സിന് ജയിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി പരമ്പരയില്‍ ഒപ്പമെത്തിയ ബംഗ്ലാദേശ് ആതിഥേയരെ ഞെട്ടിച്ചിരുന്നു.
അവസാന മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാമെന്നിരിക്കെ 10 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയായിരുന്നു സിംബാബ്‌വേ ബംഗ്ലാ കടുവകളെ അപ്രസക്തരാക്കിയത്.
Content Highlight: Zimbabwe Batter Ryan Burl Smashes 34 In An Over vs Bangladesh