ടി-20 ലോകകപ്പിനാണ് ക്രിക്കറ്റ് ലോകം ഇനി കാത്തിരിക്കുന്നത്. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് 20 ടീമുകളാണ് മാറ്റുരയ്ക്കാനെത്തുന്നത്.
ഏറെ നാളായുള്ള കിരീട വരള്‍ച്ച 2024ലെങ്കിലും അവസാനിക്കും എന്ന പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. ഓരോ ഐ.സി.സി ഇവന്റുകള്‍ അവസാനിക്കുമ്പോഴും ഇത് പ്രതീക്ഷ മാത്രമായി അവസാനിക്കുകയാണ്. എന്നാല്‍ ഇത്തവണ ആ പ്രതീക്ഷ യാഥാര്‍ത്ഥ്യമായേക്കും.
ഇത്തവണ മികച്ച ടീമിനെ തന്നെ കളത്തിലിറക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്. മത്സരത്തിന് ഇന്ത്യ ഏത് ഓള്‍ റൗണ്ടറെ ടീമില്‍ ഉള്‍പ്പെടുത്തണം എന്നതില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ലോകകപ്പ് ഹീറോയുമായ സഹീര്‍ ഖാന്‍.
ഓള്‍ റൗണ്ടര്‍മാരായി ശിവം ദുബെയെയും ഹര്‍ദിക് പാണ്ഡ്യയെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്നാണ് സഹീര്‍ ഖാന്റെ അഭിപ്രായം. ഒരു വിക്കറ്റ് കീപ്പറെ മാത്രം സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ പാണ്ഡ്യയും ദുബെയും ടീമിന്റെ ഭാഗമാകുമെന്നും ഇത് ബൗളിങ്ങിലും ബാറ്റിങ്ങിലും വ്യത്യസ്ത ഓപ്ഷനുകള്‍ പരീക്ഷിക്കാന്‍ സഹായിക്കുന്നതിനാല്‍ ടീമിന്റെ ഡെപ്ത് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും സഹീര്‍ ഖാന്‍ പറഞ്ഞു. കളേഴ്‌സ് സിനിപ്ലക്‌സിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘അത്തരത്തില്‍ പ്ലാന്‍ ചെയ്യുകയാണെങ്കില്‍ രണ്ട് പേര്‍ക്കും ടീമില്‍ ഇടം കണ്ടെത്താന്‍ സാധിക്കും. നിങ്ങള്‍ക്ക് ആറ് ബൗളിങ് ഓപ്ഷന്‍ ആവശ്യമാണോ അതോ അഞ്ച് പേരെ തന്നെ മതിയോ എന്ന് തുടങ്ങി പല ഘടകങ്ങളെയും ആശ്രയിച്ചാകും സെലക്ഷനുണ്ടാവുക.
നിങ്ങള്‍ക്ക് ആറാമത് ഒരു ബൗളിങ് ഓപ്ഷന്‍ വേണമെന്നുണ്ടെങ്കില്‍ ഒരു ബാക്കപ്പും അത്യാവശ്യമാണ്. രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് പകരം ഒരാളെ മാത്രം ഉള്‍പ്പെടുത്തിയാല്‍ മാത്രമേ നിങ്ങള്‍ക്ക് ഹര്‍ദിക് പാണ്ഡ്യയെയും ശിവം ദുബെയെയും ഒരുമിച്ച് കാണാന്‍ സാധിക്കൂ,’ സഹീര്‍ പറഞ്ഞു.
ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ സീരിസില്‍ തിളങ്ങിയതിന് പിന്നാലെയാണ് ദുബെയുടെ പേര് ലൈംലൈറ്റിലേക്കെത്തിയത്. പരമ്പരയില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ദുബെ ലഭിച്ച അവസരം ഗംഭീരമാക്കിയത്.
3⃣ Matches
1⃣2⃣4⃣ runsCongratulations to @IamShivamDube who becomes the Player of the Series 👏👏#TeamIndia | #INDvAFG | @IDFCFIRSTBank pic.twitter.com/VnNwOqXyky
— BCCI (@BCCI) January 17, 2024
ആദ്യ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ട ദുബെ, പരമ്പര അവസാനിച്ചുപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരിസായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അതേസമയം, പരിക്കിന്റെ പിടിയില്‍ നിന്നും ഹര്‍ദിക് പാണ്ഡ്യ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ഐ.പി.എല്ലില്‍ പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകകപ്പിന് മുമ്പുള്ള അവസാന ടി-20 പരമ്പരയും ഇന്ത്യ കളിച്ചുകഴിഞ്ഞതിനാല്‍ ഐ.പി.എല്ലിലെ പ്രകടനങ്ങളെ മാത്രം ആശ്രയിച്ചായിരിക്കും ലോകകപ്പ് ടീമിനെയും തെരഞ്ഞെടുക്കുക.
Content highlight: Zaheer Khan about Hardik Pandya and Shivam Dube