ന്യൂദല്‍ഹി: രാജ്യത്തെ യുവാക്കള്‍ കേന്ദ്രസര്‍ക്കാരിനെ ഉടന്‍ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന മുന്നറിയിപ്പുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. ഹരിയാന മഹാപഞ്ചായത്ത് വേദിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
2021 യുവാക്കളുടെ വര്‍ഷമാണ്. വിപ്ലവവുമായി ഇന്ത്യയിലെ യുവാക്കള്‍ തെരുവിലിറങ്ങിയ വര്‍ഷമാണ് 2021 എന്നും ടികായത് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭവുമായി കര്‍ഷകര്‍ മുന്നോട്ടുപോകുമെന്നും ഇനിയൊരു അധികാര തുടര്‍ച്ചയുണ്ടാക്കാന്‍ മോദിയ്ക്കാവില്ലെന്നും ടികായത് പറഞ്ഞു.
കേന്ദ്രം പാസാക്കിയ ഈ മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല. മോദിജീ നിങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കൂ. രാജ്യത്തെ യുവാക്കള്‍ നിങ്ങളെ അധികാരത്തില്‍ നിന്ന് താഴെയിറക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയാല്‍ നിങ്ങളെന്ത് ചെയ്യും?’, ടികായത് ചോദിച്ചു.
.
കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ആഗോളതലത്തില്‍ ശ്രദ്ധയാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. നിരവധിപേര്‍ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
സ്റ്റോപ്പ് കില്ലിങ്ങ് ഫാര്‍മേഴ്‌സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ പ്രതികരണവുമായി മീനാ ഹാരിസ് മുന്നോട്ട് വന്നത്.
മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസത്തിലേറെയായി തെരുവില്‍ പ്രതിഷേധിക്കുകയാണ് കര്‍ഷകര്‍. ഇതുവരെയും കാര്‍ഷിക നിയങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തിലും തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായൊരു ബജറ്റ് നടത്തണമെന്ന് ടികായത് പറഞ്ഞിരുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണയുമായി പഞ്ചാബ് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ദല്‍ഹി പൊലീസ് കേസ് ചുമത്തിയ കര്‍ഷകര്‍ക്ക് നിയമസഹായം വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു. ഇതിനായി 70 അഭിഭാഷകരുടെ ഒരു സംഘത്തെ ദല്‍ഹിയില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക