ഉളുപ്പുണ്ടോ സി.പി.ഐ.എമ്മേ; താന്‍ ക്ഷേത്രവളപ്പ് അലങ്കോലമാക്കിയതായി പരാതിയെന്ന കൈരളി വാര്‍ത്തക്കെതിരെ പി.ക. ഫിറോസ്
Kerala News
ഉളുപ്പുണ്ടോ സി.പി.ഐ.എമ്മേ; താന്‍ ക്ഷേത്രവളപ്പ് അലങ്കോലമാക്കിയതായി പരാതിയെന്ന കൈരളി വാര്‍ത്തക്കെതിരെ പി.ക. ഫിറോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th January 2022, 4:21 pm

കോഴിക്കോട്: തനിക്കെതിരെ സി.പി.ഐ.എം ചാനലായ കൈരളി ന്യൂസില്‍ വന്ന വാര്‍ത്തക്കെതിര രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.

പി.കെ. ഫിറോസ് ക്ഷേത്രവളപ്പ് അലങ്കോലമാക്കി കെ. റെയില്‍ കുറ്റി പിഴുതതായി പരാതിയെന്ന കൈരളി ന്യൂസ് ബ്രെയ്ക്ക് ചെയ്ത വാര്‍ത്തക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.

ഇത് സി.പി.ഐ.എമ്മിന്റെ നാടകമാണെന്ന് ഫിറോസ് കുറ്റപ്പെടുത്തി. ഫേസ്ബുക്കിലുടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ടി.പി. ചന്ദ്രശേഖരനെ കൊല്ലാന്‍ വന്ന ഇന്നോവ കാറില്‍ മാഷാ അള്ളാഹ് സ്റ്റിക്കര്‍ ഒട്ടിച്ചതിന് ശേഷം
തലശ്ശേരിയിലെ ഫസലിനെ കൊന്ന് രക്തത്തുള്ളികള്‍ ടവ്വലിലാക്കി ആര്‍.എസ്.എസുകാരന്റെ വീട്ട് പടിക്കല്‍ കൊണ്ടിട്ടതിന് ശേഷം ബി.ജെ.പിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത് മേമുണ്ടയിലെ മദ്രസയില്‍ കൊണ്ടിട്ടതിന് ശേഷം
സി.പി.ഐ.എമ്മിന്റെ അടുത്ത നാടകം.

പി.കെ ഫിറോസ് ക്ഷേത്രവളപ്പ് അലങ്കോലമാക്കി കെ. റെയില്‍ കുറ്റി പിഴുതു.
ഉളുപ്പുണ്ടോ സി.പി.ഐ.എമ്മേ,’ എന്നാണ് ഇതുസംബന്ധിച്ച വാര്‍ത്തയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് പ.കെ. ഫിറോസ് എഴുതിയിരിക്കുന്നത്.

ഫിറോസിന്റെ പോസ്റ്റിന് താഴെ നരവധി കമന്റുകളും വരുന്നുണ്ട്. ‘താങ്കള്‍ ഒരു രാഷ്ട്രീയ വിദ്യാഭ്യാസമുള്ള യുവ നേതാവായിട്ട് ആണ് നാളിതുവരെ കണ്ടത്.

എന്നാല്‍ അവരില്‍(സി.പി.ഐ.എം) ഉളുപ്പ് പ്രതീക്ഷിച്ച താങ്കളുടെ രാഷ്ട്രീയ ബോധ്യത്തില്‍ ഞാന്‍ അതിയായ ആശങ്ക രേഖപ്പെടുത്തുന്നു പി.കെ,’ എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ കമന്റ് ചെയ്തത്.

ക്ഷേത്ര വളപ്പില്‍ സമരം നടത്തിയ പി.കെ. ഫിറോസിനെതിരെ പൊലീസില്‍ പരാതി കൊടുത്ത് ക്ഷേത്ര സമിതി എന്നാണ് കൈരളി വാര്‍ത്തയില്‍ പറയുന്നത്.

ക്ഷേത്ര വളപ്പില്‍ അതിക്രമിച്ച് കയറി, സര്‍വേകല്ല് പിഴുത് മാറ്റിയെന്ന് കാട്ടിയാണ് പരാതി. ക്ഷേത്ര പരിസരം അലങ്കോലമാക്കിയതായും പരാതിയില്‍ പറയുന്നു. ഫറോഖ് വാളക്കട ക്ഷേത്ര ക്ഷേമ സമിതിയാണ് ഫിറോസിനെതിരെ പരാതി നല്‍കിയത് എന്നും വാര്‍ത്തയില്‍ പറയുന്നു.