കേരളത്തിലെ ജിഹാദികള്‍ ആയിരക്കണക്കിന് ഹിന്ദുക്കളെ ഇല്ലാതാക്കി; മലബാര്‍ സമരം ഹിന്ദുവംശഹത്യയെന്ന് യോഗി ആദിത്യനാഥ്
national news
കേരളത്തിലെ ജിഹാദികള്‍ ആയിരക്കണക്കിന് ഹിന്ദുക്കളെ ഇല്ലാതാക്കി; മലബാര്‍ സമരം ഹിന്ദുവംശഹത്യയെന്ന് യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th September 2021, 8:57 am

ലഖ്നൗ: 1921 ലെ മലബാര്‍ സമരം ഹിന്ദുക്കള്‍ക്ക് നേരെ നടത്തിയ ആസൂത്രിക വംശഹത്യയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.1921 ലെ മലബാര്‍ സമരത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സിന്റെ (ഐ.സി.സി.ആര്‍) സഹകരണത്തോടെ ആര്‍.എസ്.എസ് മാസികയായ പാഞ്ചജന്യം സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു യോഗി.

‘ജിഹാദി ചിന്തകളില്‍ നിന്ന് മുഴുവന്‍ മനുഷ്യരാശിയെയും എങ്ങനെ മോചിപ്പിക്കാമെന്നും മലബാര്‍ വംശഹത്യ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാമെന്നും ചിന്തിക്കേണ്ടതുണ്ട്’ എന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.

ചരിത്രം ശരിയായ ദിശയില്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും ചരിത്രം അറിയാത്ത രാജ്യത്തിന് അതിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്നും യോഗി പരിപാടിയില്‍ പറഞ്ഞു.

കേരളത്തിലെ ജിഹാദികള്‍ ആയിരക്കണക്കിന് ഹിന്ദുക്കളെ ഇല്ലാതാക്കി. ആസൂത്രിതമായ ഈ വംശഹത്യ ദിവസങ്ങള്‍ നീണ്ടുനിന്നു. പതിനായിരക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടെന്നാണ് ചില കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും യോഗി ആരോപിച്ചു.

ആയിരക്കണക്കിന് അമ്മമാരും സഹോദരിമാരും അപമാനിക്കപ്പെട്ടു. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ഹിന്ദുക്കള്‍ മതപരിവര്‍ത്തനത്തിന് വിസ്സമതിച്ചതുകൊണ്ടാണ് ഇത് നടന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഖിലാഫത്ത് സമരം പരാജയപ്പെട്ടതിലുള്ള മുസ്‌ലിങ്ങളുടെ രോഷമാണെന്ന് ചിലര്‍ പറയുന്നു. ചിലര്‍ മാപ്പിള കലാപം എന്ന് വിളിക്കുന്നു. ഭൂവുടമകള്‍ക്ക് എതിരെയുള്ള പോരാട്ടമെന്നാണ് ചിലര്‍ പറയുന്നത്. ഭൂവുടുമകള്‍ക്ക് മാത്രം എതിരായുള്ള കലാപമായിരുന്നെങ്കില്‍ എന്തിനാണ് നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയതെന്നും യോഗി ചോദിച്ചു.

ഇടതുപക്ഷക്കാരും കപട മതേതരവാദികളും ചേര്‍ന്നെഴുതിയ ചരിത്രം എപ്പോഴും പ്രീണനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും ആദിത്യനാഥ് പറഞ്ഞു.

മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ എന്നിവരുള്‍പ്പെടെയുള്ള 387 ‘മാപ്പിള രക്തസാക്ഷിക’ ളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ തലത്തില്‍ മലബാര്‍ സമരത്തെ ഹിന്ദു വംശഹത്യയായി അവതരിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Yogi Adityanath says Malabar agitation is against of Hindus