ലഖ്നൗ: ഉത്തര്‍പ്രദേശിന്റെ ക്രമസമാധാനനില ലോകത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊലീസ് മോഡണൈസേഷന്‍ സ്‌കീമിന് കീഴില്‍ 56 ജില്ലകളിലെ ആധുനിക ജയില്‍ വാനുകളുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു യോഗിയുടെ അവകാശവാദം.
2017ന് മുന്‍പ് സംസ്ഥാനത്ത് കലാപങ്ങളും ഗുണ്ടായിസവും തുടര്‍ക്കഥയായിരുന്നുവെന്നും എന്നാല്‍ ഇന്ന് സ്ഥിതി മാറിയെന്നും യോഗി പറഞ്ഞു. മുമ്പ് പൊലീസുകാര്‍ ഓടുമ്പോള്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സംസ്ഥാനത്തെ ക്രമസമാധാന നില രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. 2017ന് മുമ്പ് കലാപങ്ങളും അരാജകത്വവും ഗുണ്ടായിസവും അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയെക്കുറിച്ച് ആളുകള്‍ പലപ്പോഴും ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് നിയമവാഴ്ചയുണ്ട്. മുന്‍പ് പൊലീസുകാര്‍ ഓടുമ്പോള്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുകയായിരുന്നു,’ യോഗി പറഞ്ഞു.
മെച്ചപ്പെട്ട ക്രമസമാധാനത്തിനായി പൊലീസ് മോഡണൈസേഷന്‍ സ്‌കീമിന് കീഴില്‍ യു.പി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമാണ് ആധുനിക ജയില്‍ വാന്‍. സാങ്കേതിക വിദ്യയില്ലാത്ത പഴയ വാഹനങ്ങളിലാണ് തടവുകാരെ നേരത്തെ ജയിലിലേക്ക് കൊണ്ടുപോയതെന്നും ഇതുമൂലം തടവുകാര്‍ ഓടിപ്പോവുകയോ ക്രിമിനല്‍ സംഘം അവരെ ആക്രമിച്ച് മോചിപ്പിക്കുകയോ ചെയ്യുമായിരുന്നു. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ നടപടിയെന്നും യോഗി കൂട്ടിച്ചേര്‍ത്തു.