ബെയ്ജിങ്: ചൈനയും സിറിയയും തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദും വെള്ളിയാഴ്ച ധാരണയിലെത്തിയതായി ചൈനീസ് സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 2004ന് ശേഷമുള്ള തന്റെ ആദ്യ ചൈന സന്ദര്‍ശനത്തിന്റെ ഭാഗമായി അസദ് പങ്കെടുക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെ മുന്നോടിയായിരുന്നു നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഉഭയകക്ഷി ബന്ധത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറുമെന്ന് ഷി ജിന്‍ പിങ് പറഞ്ഞു. വിദേശ ഇടപെടലുകളെയും ഏകപക്ഷീയമായ ഭീഷണിയെ എതിര്‍ക്കുന്നതിലും ദേശീയ സ്വാതന്ത്ര്യം, പരമാധികാരം, പ്രദേശിക അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതിലും ചൈന സിറിയയെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.