ഐ.ടി നിയമം ലംഘിച്ചു; മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന്റെ എക്‌സ് അക്കൗണ്ട് മരവിപ്പിക്കണമെന്ന് ദല്‍ഹി പൊലീസ്
national news
ഐ.ടി നിയമം ലംഘിച്ചു; മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന്റെ എക്‌സ് അക്കൗണ്ട് മരവിപ്പിക്കണമെന്ന് ദല്‍ഹി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th June 2024, 7:49 pm

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈറിന്റെ അക്കൗണ്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസിന്റെ നോട്ടീസ് ലഭിച്ചെന്ന് എക്‌സ്. ഇതുമായി ബന്ധപ്പെട്ട് എക്‌സില്‍ നിന്ന് ലഭിച്ച ഇ മെയില്‍ സുബൈര്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനായ സുബൈര്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍ പങ്കുവെക്കുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നിരന്തരം രംഗത്തെത്താറുണ്ട്. എക്‌സില്‍ 1.1 ദശലക്ഷം ആളുകളാണ് സുബൈറിനെ പിന്തുടരുന്നത്.

നിങ്ങളുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയിലെ വിവരസാങ്കേതിക നിയമം ലംഘിക്കുന്നതാണെന്നും അതിനാല്‍ അക്കൗണ്ട് മരവിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ദല്‍ഹി പൊലീസ് നോട്ടീസ് അയച്ചെന്നും ഇ മെയിലില്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും എക്‌സ് വ്യക്തമാക്കി.

1983ലെ ഒരു ഹിന്ദി സിനിമയില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ട് 2018ല്‍ എക്‌സില്‍ പങ്കുവെച്ചതിന് 2022ല്‍ അദ്ദേഹത്തെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുപ്രിം കോടതി ജാമ്യം അനുവദിക്കുന്നത് വരെ ആറ് കേസുകളാണ് അന്ന് അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തത്.

2023ല്‍ കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരുടെ എക്‌സ് അക്കൗണ്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചിരുന്നുവെന്ന് എക്‌സ് സ്ഥാപകന്‍ ജാക്ക് ഡോര്‍സി അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

Content Highlight: X Tells Mohammed Zubair That Delhi Police Flagged His Content as Violative of IT Act