'രണ്ട് സ്ഥാനാര്‍ത്ഥികള്‍, രണ്ട് ചിത്രങ്ങള്‍'; ജെയ്ക്കിന് പിന്തുണയുമായി ശാരദക്കുട്ടി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന് പിന്തുണയുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി. പ്രളയകാലത്ത് സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ജെയ്ക്ക് സി. തോമസിന്റെയും, പിതാവ് ഉമ്മന്‍ ചാണ്ടി ഇരിക്കുന്നത് സമാനമായി പുതപ്പള്ളി പള്ളിയുടെ വരാന്തയില്‍ ഇരിക്കുന്ന ചാണ്ടി ഉമ്മന്റെ ചിത്രവും ഫേസ്ബുക്കില്‍ പങ്കുവെച്ച് ‘രണ്ട് സ്ഥാനാര്‍ത്ഥികള്‍. രണ്ട് ചിത്രങ്ങള്‍’ എന്നാണ് ശാരദക്കുട്ടി കുറിച്ചിരിക്കുന്നത്.
എന്നാല്‍ ചാണ്ടി ഉമ്മന്‍ പ്രളയ കാലത്ത് സന്നദ്ധപ്രവര്‍ത്തനത്തിന് ഇറങ്ങിയ ചിത്രം ഈ പോസ്റ്റിന് താഴെ കമന്റിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനെ പ്രതിരോധിക്കുന്നത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജെയ്കിനെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ഔദ്യാഗികമായി പ്രഖ്യാപിച്ചത്. പുതുപ്പള്ളി മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഫലപ്രദമായ രീതിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മനെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇരു സ്ഥാനാര്‍ത്ഥികളും ഇന്ന് സജീവമായി പ്രചരണത്തിനിറങ്ങിയിരുന്നു.
സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ പോളിങ്ങ്, എട്ടിന് വോട്ടെണ്ണല്‍ നടക്കും. ജാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണ് പുതുപ്പള്ളിയിലും തെരഞ്ഞെടുപ്പ് നടക്കുക.
ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 18 ന് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഓഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
Content Highlight: Writer S. Sharadakutty support Jake C. Thomas, In the Pudupally by-election, LDF candidate