national news
തമിഴ്‌നാട്ടിലെ ദളിതരുടെ ദുരവസ്ഥയില്‍ ദുഖിതനാണെന്ന് ഗവര്‍ണര്‍; ആരോപണങ്ങള്‍ തള്ളി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 15, 08:17 am
Tuesday, 15th April 2025, 1:47 pm

ചെന്നൈ: സംസ്ഥാനത്ത് ദളിതര്‍ക്കെതിരായ ആക്രമണങ്ങൾ വര്‍ധിച്ചുവരികയാണെന്നും ദളിതരുടെ നില ദുഖകരമാണെന്നും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എൽ രവി. രാജ്ഭവനില്‍ ഡോ.ബി.ആര്‍ അംബേദ്കറുടെ ജന്മദിനാഘോഷ ചടങ്ങിലാണ് ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

സാമൂഹിക നീതി ഉയര്‍ത്തിപ്പിടിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ദളിതരുടെ ദയനീയമായ അവസ്ഥ ദുഖകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

‘സാമൂഹിക നീതിയെക്കുറിച്ച് പതിവായി സംസാരിക്കുന്ന ഒരു സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഞാന്‍ വന്നപ്പോള്‍, നമ്മുടെ ദളിത് സഹോദരീ സഹോദരന്മാരുടെ ദുരവസ്ഥ കണ്ട് അമ്പരന്നു,’ ഗവര്‍ണര്‍ പറഞ്ഞു.

മറ്റു സ്ഥലങ്ങളില്‍ ഇപ്പോഴും വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിച്ചെങ്കിലും തമിഴ്‌നാട്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഹൃദയഭേദകമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചെരിപ്പ് ധരിച്ചു തെരുവില്‍ നടന്നു എന്നതിന് അടിയേറ്റ ദളിതനും ബൈക്ക് ഓടിച്ചതിന് ആക്രമണത്തിനിരയായ ദളിത് യുവാവും അധ്യാപകന്‍ പ്രശംസിച്ചതിന് വിദ്യാര്‍ത്ഥിയെ വീട്ടില്‍ ചെന്ന് ആക്രമിച്ചതും വാട്ടര്‍ ടാങ്കുകളില്‍ മലമൂത്രം കണ്ടെത്തിയതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

‘ഗ്രാമവീഥിയിലൂടെ ചെരിപ്പ് ധരിച്ച് നടന്നതിന് ഒരു ദളിതനെ മർദിച്ചു. മോട്ടോര്‍ ബൈക്ക് ഓടിച്ചതിന് ഒരു ദളിത് യുവാവിനെ മർദിച്ചു. അധ്യാപകന്‍ പ്രശംസിച്ച വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി ആക്രമിച്ചു. വാട്ടര്‍ ടാങ്കുകളില്‍ നിന്ന് മനുഷ്യ വിസര്‍ജ്ജ്യം കണ്ടെത്തി. ഇവയൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല,’ ഗവര്‍ണര്‍ പറഞ്ഞു

2020ന് ശേഷം സംസ്ഥാനത്ത് ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 50 ശതമാനം വര്‍ധിച്ചതായും ദളിത് സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ കൂടിയതായും ഇത്തരം കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന നിരക്ക് തമിഴ്‌നാട്ടില്‍ ദേശീയ ശരാശരിയുടെ പകുതിയില്‍ താഴെയാണെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം വസ്തുതകളാണെന്നും രാഷ്ട്രീയപരമായ പ്രസ്താവനകളല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എന്നാൽ ഗവര്‍ണറുടെ ആരോപണങ്ങള്‍ തള്ളി തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി ഗോവി ചെഴിയന്‍ രംഗത്തെത്തി. ഗവര്‍ണറുടെ പ്രസ്താവനകള്‍ ശുദ്ധ നുണകളാണെന്നും അദ്ദേഹത്തിന്റെ നാടായ ബീഹാർ ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ രണ്ടാമതാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ദളിതര്‍ക്കെതിരായ അക്രമങ്ങളില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൂടുതലെന്നും മന്ത്രി വിമർശിച്ചു.

 

 

Content Highlight: Pained by plight of Dalits in Tamil Nadu, says Governor; DMK hits back