'സ്ലോ മോഷനില്‍ കേട്ടു, ക്ക് അല്ല, ക്റ്റ് ആണു'; ലാല്‍ കുമാറിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എന്‍.എസ്. മാധവന്‍
Kerala News
'സ്ലോ മോഷനില്‍ കേട്ടു, ക്ക് അല്ല, ക്റ്റ് ആണു'; ലാല്‍ കുമാറിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എന്‍.എസ്. മാധവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th May 2022, 1:31 pm

കോഴിക്കോട്: മാതൃഭൂമി ന്യൂസിലെ പ്രൈം ടൈം ചര്‍ച്ചയിലെ ഇടത് സഹയാത്രികന്‍ എന്‍. ലാല്‍കുമാറിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍.

ചര്‍ച്ചക്കിടെ ഇടത് സഹയാത്രികന്‍ പറഞ്ഞത് ‘ഫക്ക്‌സ്’ തന്നെയാണെന്ന് പറഞ്ഞ തന്റെ മുന്‍ പ്രസ്താവന അദ്ദേഹം തിരുത്തി.

‘സ്ലോ മോഷനില്‍ കേട്ടു: ക്റ്റ് ആണു. അങ്ങോര്‍ക്ക് t ഒരു പ്രശ്‌നമാണു. Text to speech ആപ്പ് stating എന്ന് കേട്ടത് sitting എന്നാണു,’ എന്നാണ് ആദ്യം പറഞ്ഞതില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള എന്‍.എസ്. മാധവന്റെ ട്വീറ്റ്.

ക്ക് എന്നാണ് താന്‍ കേട്ടതെന്ന് പറഞ്ഞത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയെങ്കിലും തിരുത്തിയത് കണ്ടമട്ടില്ലെന്നും പറഞ്ഞായിരുന്നു ക്ഷമാപണം നടത്തിക്കൊണ്ടുള്ള ട്വീറ്റുമായി അദ്ദേഹമെത്തിയത്.

‘ക്ക് എന്ന് കേട്ടുവെന്ന് എഴുതിയത് വാര്‍ത്തയായി. അത് തിരുത്തി ക്റ്റ് ആണു എന്ന് പറഞ്ഞത് കണ്ട മട്ടില്ലായിരുന്നു. ഇതൊരു ക്ഷമാപണത്തിന് വഴിവയ്ക്കുന്നു. സോറി, ലാല്‍കുമാര്‍,’ എന്‍.എസ്. മാധവന്‍ പറഞ്ഞു.

എന്‍.എസ്. മാധവന്റെ തിരുത്തിന് നന്ദിയറിയിച്ച് ലാല്‍ കുമാറും രംഗത്തെത്തി. ‘തിരുത്തിയതില്‍ നന്ദി’ എന്ന് പറഞ്ഞായിരുന്നു എന്‍.എസ്. മാധവന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് അദ്ദേഹം പങ്കുവെച്ചത്.

ഇംഗ്ലീഷില്‍ ‘ഫക്റ്റ്‌സ്’ എന്ന് ഉച്ചരിക്കുന്ന വാക്ക് ഇല്ലെന്നും ‘ഫാക്റ്റ്’ ആണ് ശരിയെന്നുമായിരുന്നു എന്‍.എസ്. മാധവന്റെ ആദ്യ പ്രതികരണം.

കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസില്‍ നടന്ന പ്രൈം ടൈം ഡിബേറ്റിലായിരുന്നു എന്‍. ലാല്‍ കുമാറിന്റെ വിവാദ പ്രസ്താവന. അവതാരകയുമായി തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ‘ഐ അഗ്രീ ടു ദി ഓള്‍ ദി ഫക്ക്‌സ്/ ഫാക്ട്‌സ് യു ആര്‍ സൈറ്റിംഗ് ഹിയര്‍,’ എന്ന വാക്കുകളാണ് തെറ്റിദ്ധാരണയ്ക്ക് ഇടയായത്.

മാതൃഭൂമി ന്യൂസ് അത് തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിടുകയും ഇതില്‍ വിവാദ ഭാഗത്ത് സെന്‍സര്‍ ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍, താന്‍ ഫാക്ട്‌സ് എന്നാണ് പറഞ്ഞതെന്ന വിശദീകരണവുമായി ലാല്‍ കുമാര്‍ രംഗത്തെത്തിയതോടെ മാതൃഭൂമി ന്യൂസ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ഈ വീഡിയോ പിന്‍വലിക്കുകയായിരുന്നു.


Content Highlights: Writer N.S. Madhavan
Regretting the remark against Lal Kumar