ഞാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നത് തലച്ചോറ് കൊണ്ട് ചിന്തിക്കാന്‍ കഴിയാത്ത കാലത്ത്: ജയമോഹന്‍
Kerala
ഞാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നത് തലച്ചോറ് കൊണ്ട് ചിന്തിക്കാന്‍ കഴിയാത്ത കാലത്ത്: ജയമോഹന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th April 2024, 2:36 pm

തിരുവനന്തപുരം: തലച്ചോറ് കൊണ്ട് ചിന്തിക്കാന്‍ കഴിയാത്ത കാലത്തായിരുന്നു താന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നതെന്ന് എഴുത്തുകാരന്‍ ജയമോഹന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി അരുണ്‍ പി. ഗോപി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്‌ക്കെതിരായ ജയമോഹന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളായിരുന്നു ജയമോഹനെതിരെ ഉയര്‍ന്നത്. ജയമോഹന്‍ സവര്‍ണബോധമുള്ള ഹിന്ദുവാണെന്നും സംഘപരിവാറുകാരനാണെന്നുമുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നു.

ജയമോഹനെതിരെ എം.എ ബേബിയടക്കമുള്ളവര്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തി. ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് അഭിമുഖത്തില്‍ ജയമോഹന്‍.

‘എന്റെ ജീവിതത്തിലെ ഒരു കാര്യം പോലും രഹസ്യമോ മറയുള്ളതോ അല്ല. സംഘപരിവാര്‍ എന്ന് മുദ്രകുത്തുന്നവരോട് എനിക്ക് പറയാനുള്ള ഒറ്റക്കാര്യമേയുള്ളൂ. സംഘപരിവാറാണെങ്കില്‍ അത് തുറന്നുപറയാനുള്ള ആര്‍ജ്ജവം എനിക്കുണ്ട്. ഞാന്‍ ചെറുപ്പകാലത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. തലച്ചോറ് കൊണ്ട് ചിന്തിക്കാന്‍ കഴിയാത്ത കാലമായിരുന്നു അത്.

പിന്നെ ഇന്ത്യയെന്ന രാജ്യത്തെ കുറിച്ചും അതിന്റെ മഹത്തായ പാരമ്പര്യത്തെക്കുറിച്ചും ഞാന്‍ മനസിലാക്കി. ഇന്ത്യയുടെ സാംസ്‌ക്കാരിക ഭൂപടങ്ങളിലൂടെയെല്ലാം യാത്ര ചെയ്തു. അങ്ങനെ പരിപൂര്‍ണമായും അതില്‍ നിന്നും വിട്ടുപോന്നു. കാരണം ഞാന്‍ എഴുത്തുകാരനാണ്. ഞാന്‍ ആവര്‍ത്തിച്ചുപറയുന്ന കാര്യമുണ്ട്.

ഹൈന്ദവ ധര്‍മം വേറെ, ഹിന്ദുത്വം വേറെ. എല്ലാ ഹൈന്ദവരേയും ഹിന്ദുത്വത്തിന്റെ സംഘപരിവാറിന്റെ പാളയത്തിലേക്ക് ചവിട്ടിത്തള്ളുകയാണ് ഇത്തരം രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വം വേറെയാണെന്ന് ഹൈന്ദവവിശ്വാസികളോട് ആവര്‍ത്തിച്ചു പറയുകയാണ് പുരോഗമന സ്വഭാവമുള്ളവര്‍ ചെയ്യേണ്ടത്.

ബി.ജെ.പി ആര്‍ക്കെങ്കിലും കാശയച്ചുകൊടുക്കണമെങ്കില്‍ അത് എം.എ ബേബിയെപ്പോലുള്ളവര്‍ക്കാണ്. ദിവസവും പത്ത് പേരെയെങ്കിലും അദ്ദേഹം ബി.ജെ.പിയുടെ കൂടാരത്തിലേക്ക് കയറ്റുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

അയോധ്യയില്‍ രാമന്റെ പേരില്‍ പുതിയ ക്ഷേത്രം പണിതപ്പോള്‍ അതിനെതിരെ ശക്തമായി ഒരു ലേഖനം ഫ്രണ്ട്‌ലൈനില്‍ എഴുതുകയുണ്ടായി. ഓരോ ദിവസവും നൂറ് കണക്കിന് ശകാരങ്ങളാണ് എനിക്കുനേരെ വന്നുകൊണ്ടിരിക്കുന്നത്,’ ജയമോഹന്‍ അഭിമുഖത്തില്‍ പറഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ തമിഴ്‌നാട്ടില്‍ അടക്കം വലിയ വിജയം നേടി മുന്നേറുമ്പോഴായിരുന്നു മലയാള സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച് തമിഴ് മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തും കൂടിയായ ജയമോഹന്‍ രംഗത്തെത്തിയത്.

‘മഞ്ഞുമ്മല്‍ ബോയ്‌സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ (മഞ്ഞുമ്മല്‍ ബോയ്‌സ്- കുടിച്ചുകൂത്താടുന്ന തെണ്ടികള്‍) എന്ന തലക്കെട്ടില്‍ മാര്‍ച്ച് 9ന് പ്രസിദ്ധീകരിച്ച ബ്ലോഗിലൂടെയാണ് ജയമോഹന്‍ സിനിമയെ രൂക്ഷമായി വിമര്‍ശിച്ചത്.

മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മറ്റ് പല മലയാള സിനിമകളെ പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണിതെന്നുമായിരുന്നു ജയമോഹന്‍ പറഞ്ഞത്. മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ ആവശ്യപ്പെട്ടിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ് കാണിക്കുന്നത് കെട്ടുകഥയല്ല. ദക്ഷിണേന്ത്യയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്ന കേരളത്തിലെ വിനോദ സഞ്ചാരികള്‍ ഇതേ മനസ്ഥിതിയാണ് പങ്കിടുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാത്രമല്ല, കാടുകളിലും അവര്‍ എത്താറുണ്ട്. മദ്യപിക്കാനും ഛര്‍ദ്ദിക്കാനും കടന്നുകയറാനും വീഴാനും ഒക്കെ മാത്രം വേണ്ടിയാണ് അത്. മറ്റൊന്നിലും അവര്‍ക്ക് താല്‍പര്യമില്ല.

സാമാന്യബോധമോ സാമൂഹികബോധമോ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല. ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികള്‍ പൊതുനിരത്തില്‍ മോശമായി പെരുമാറുന്നത് കുറഞ്ഞത് പത്ത് തവണയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ കുടിച്ച ശേഷം കുപ്പി വലിച്ചെറിഞ്ഞ് പൊട്ടിക്കും,’ എന്നായിരുന്നു ജയമോഹന്‍ കുറിച്ചത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ജയമോഹനെതിരെ ഉയര്‍ന്നിരുന്നു.

Content Highlight: Writer Jayamohan about RSS and controvercies