Advertisement
IPL
സഞ്ജുവിന് ഒരു കോടി ലഭിക്കുമ്പോള്‍ ജെയ്‌സ്വാളിന് മൂന്ന് കോടി; ഐ.പി.എല്ലിലെ 11 കോടിക്കാരന്‍ ഇഷാന്‍ കിഷനും ഒരു കോടി മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 21, 12:29 pm
Monday, 21st April 2025, 5:59 pm

ഐ.പി.എല്ലിന്റെ ആവേശം അലതല്ലുന്നതിനിടെ ബി.സി.സി.ഐ 2024-25 വര്‍ഷത്തെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ ഉള്‍പ്പെട്ട താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. എ പ്ലസ്, എ, ബി, സി എന്നീ നാല് കാറ്റഗറികളിലായി 34 താരങ്ങളാണ് കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഏഴ് കോടിയാണ് ഇവരുടെ വാര്‍ഷിക വരുമാനം.

2024 ടി-20 ലോകകപ്പിന് പിന്നാലെ വിരാട്, രോഹിത്, ജഡേജ എന്നിവര്‍ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതിനാല്‍ ഇവരെ എ കാറ്റഗറിയിലേക്ക് ഡീമോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മൂവരും എലീറ്റ് കാറ്റഗറിയില്‍ തന്നെ തുടരുകയായിരുന്നു.

കഴിഞ്ഞ തവണ ബി.സി.സി.ഐ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും പുറത്തായ ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും അപെക്‌സ് ബോര്‍ഡ് കരാര്‍ നല്‍കിയിട്ടുണ്ട്. ശ്രേയസ് ബി കാറ്റഗറിയിലും ഇഷാന്‍ കിഷന്‍ സി കാറ്റഗറിയിലുമാണ് ഇടം നേടിയത്. ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് മൂന്ന് കോടിയും സി കാറ്റഗറിയിലെ താരങ്ങള്‍ക്ക് ഒരു കോടിയുമാണ് ലഭിക്കുക.

 

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ കേന്ദ്ര കരാര്‍ നിലനിര്‍ത്തി. രണ്ടാം തവണയും സി കാറ്റഗറിയിലാണ് ഇടം നേടിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജുവിന് പുറമെ സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളിനും ധ്രുവ് ജുറെലിനും സെന്‍ട്രല്‍ കോണ്‍ട്രാക്ട് ലഭിച്ചിട്ടുണ്ട്. ജെയ്‌സ്വാള്‍ ബി കാറ്റഗറിയിലും ജുറെല്‍ സി കാറ്റഗറിയിലുമാണ് ഇടം നേടിയിരിക്കുന്നത്.

2024-25 വര്‍ഷത്തേക്കുള്ള ബി.സി.സി.ഐ സെന്‍ട്രല്‍ കോണ്‍ട്രാക്ട്

എ പ്ലസ് കാറ്റഗറി (ഏഴ് കോടി) : രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ

എ കാറ്റഗറി (അഞ്ച് കോടി) : മുഹമ്മദ് സിറാജ്, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, റിഷബ് പന്ത്

ബി കാറ്റഗറി (മൂന്ന് കോടി) : സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, യശസ്വി ജെയ്സ്വാള്‍, ശ്രേയസ് അയ്യര്‍

സി കാറ്റഗറി (ഒരു കോടി) : റിങ്കു സിങ്, തിലക് വര്‍മ, ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രവി ബിഷ്‌ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പാടിദാര്‍, ധ്രുവ് ജുറെല്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ

 

Content Highlight: BCCI Central Contract, Sanju Samson in Category C, Yashasvi Jaiswal in Category B