Entertainment
ആ സിനിമ കണ്ട് മമ്മൂക്കയുടെ ഒരു തമ്പ് വന്നിരുന്നു: ടിനി ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 21, 12:35 pm
Monday, 21st April 2025, 6:05 pm

മിമിക്രിയില്‍ നിന്നും സിനിമയിലേക്ക് വന്ന നടനാണ് ടിനി ടോം. 1998ല്‍ റിലീസ് ചെയ്ത പഞ്ചപാണ്ഡവരാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. എന്നാല്‍ മമ്മൂട്ടി നായകനായ പട്ടാളത്തിലൂടെയാണ് ടിനി ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്.

ഗിന്നസ് പക്രു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 916 കുഞ്ഞൂട്ടന്‍. മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന സിനിമയില്‍ ടിനി ടോമും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. അഭിനയത്തിന് പുറമേ ഡബ്ബിങ്ങിലും അദ്ദേഹം ശ്രദ്ധേയനാണ്.

ഇപ്പോള്‍ സിനിമകളിലെ ഡബ്ബിങ്ങിനെ കുറിച്ചും ലക്കി ബാസ്‌ക്കറില്‍ താന്‍ ഡബ്ബ് ചെയ്തതിനെ കുറിച്ചും സംസാരിക്കുകയാണ് ടിനി ടോം.

ഡബ്ബിങ്ങില്‍ നമ്മള്‍ കൊടുക്കുന്ന ഫീലും മോഡുലേഷനുമൊക്കെ ദിനംപ്രതി മാറിക്കോണ്ടിരിക്കുമെന്നും ആ കാര്യങ്ങളില്‍ എപ്പോഴും അപ്‌ഡേറ്റായിരിക്കണം എന്നും ടിനി ടോം പറയുന്നു. ലക്കി ബാസ്‌ക്കറിന്റെ മലയാളം വേര്‍ഷനില്‍ താന്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും പിഷാരടിയും മമ്മൂട്ടിയും അത് കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും തന്നോട് നന്നായിരുന്നുവെന്ന് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡബ്ബിങ്ങിന് അങ്ങനെ മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ല. ഉപയോഗിക്കുന്ന മൈക്കുകള്‍ ഒക്കെ മാറിയിട്ടുണ്ടാകും. പക്ഷേ നമ്മള്‍ കൊടുക്കേണ്ട ഫീലും മോഡുലേഷനും അത് ചിലപ്പോള്‍ ഇന്ന് കൊടുക്കുന്നതായിരിക്കില്ല നാളെ കൊടുക്കുന്നത്. അത് അപ്‌ഡേയ്റ്റ് ചെയ്തു കൊണ്ടിരിക്കണം. ലക്കി ബാസ്‌ക്കര്‍ എന്ന സിനിമയില്‍ മലയാളത്തില്‍ ഞാനാണ് വോയ്‌സ് കൊടുത്തത്. അത് വേറെ ഒരു ആര്‍ട്ടിസ്റ്റ് ചെയ്തിരുന്നു.

അത് പിന്നെ ദുല്‍ഖര്‍ സെലക്ട് ചെയ്തിട്ട്, ഡബ്ബ് ചെയ്തതിന് ശേഷം മമ്മൂക്കയും പിഷാരടിയും കൂടെ ഒരുമിച്ച് രാത്രി ഇരുന്ന് കണ്ടു. എന്നിട്ട് പിഷാരടി എന്നെ വിളിച്ച് പറഞ്ഞു ചേട്ടന്‍ ചെയ്തത് നന്നായിട്ടുണ്ടെന്ന്. മമ്മൂക്കയുടെ ഒരു തമ്പും വന്നു. എങ്ങനെയുണ്ടായിരുന്നു എന്നതില്‍ എനിക്ക് ഒരു ഭയമുണ്ടായിരുന്നു. കാരണം ഒരു കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത്, അതിന്റെ ഫൈനല്‍ പ്രോസസ് എന്ന് പറഞ്ഞാല്‍ ഡബ്ബിങ്ങ് തന്നെയാണ്. സിങ്ക് സൗണ്ട് അല്ലെങ്കില്‍. അത് ചെയ്യുന്നത് എപ്പോഴും കൃത്യമായിരിക്കണം,’ ടിനി ടോം പറയുന്നു.

Content Highlight: Tini Tom about dubbing