'വാര്‍ണറില്ലെങ്കിലും ഞങ്ങള്‍ക്കൊരു കുഴപ്പവുമില്ല'; ഓസീസ് താരമില്ലെങ്കിലും ഹൈദരാബാദ് സ്‌ട്രോങ്ങാണെന്ന് വൃദ്ധിമാന്‍ സാഹ
ipl 2018
'വാര്‍ണറില്ലെങ്കിലും ഞങ്ങള്‍ക്കൊരു കുഴപ്പവുമില്ല'; ഓസീസ് താരമില്ലെങ്കിലും ഹൈദരാബാദ് സ്‌ട്രോങ്ങാണെന്ന് വൃദ്ധിമാന്‍ സാഹ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th March 2018, 11:13 am

ഹൈദരാബാദ്: ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഓസീസ് ദേശീയ ടീം “ബോള്‍ ടാംപറിങ്ങ്” വിവാദത്തില്‍ അകപ്പെടുന്നത്. ഓസീസിന്റെ നായകനും ഉപനായകനും പന്തില്‍ കൃത്രിമം കാട്ടിയ കുറ്റത്തിനു ശിക്ഷിക്കപ്പെട്ടപ്പോള്‍ ഇന്ത്യിലെ ക്രിക്കറ്റാരാധകര്‍ക്കും അത് നിരാശയാണ് നല്‍കിയത്.

ഓസീസ് നായകനായിരുന്ന സ്മിത്ത് ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെയും ഉപനായകന് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും നായകന്മാരാണെന്നതാണ് ഫ്രാഞ്ചൈസികളെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയത്. കുറ്റം സമ്മതിച്ച സ്മിത്തിനെ രാജസ്ഥാന്‍ നായക സ്ഥാനത്ത് നിന്നു നീക്കിയെങ്കിലും വാര്‍ണറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാതെ കാത്തിരിക്കുകയാണ് ഹൈദരാബാദ് മാനേജ്‌മെന്റ്.

ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് പന്തില്‍ കൃത്രിമം കാട്ടുന്നത് സംബന്ധിച്ച അറിവുണ്ടായിരുന്നെന്ന സ്മിത്തിന്റെ പ്രസ്താവനായണ് വാര്‍ണറെയും വിവാദത്തില്‍ കുടുക്കിയത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ സംഭവത്തില്‍ അന്തിമ വിധിപുറപ്പെടുവിക്കുന്നതുവരെ വാര്‍ണറുടെ കാര്യത്തില്‍ തീരുമാനം എടുക്കില്ലെന്ന് ഹൈദരാബാദ് മാനേജ്‌മെന്റും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ വാര്‍ണറില്ലെങ്കിലും തങ്ങളുടെ ടീമിനു യാതൊരു കുഴപ്പവും സംഭവിക്കില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഹൈദരാബാദിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ.

നായകന്‍ വാര്‍ണര്‍ ഇത്തവണ ടീമിനൊപ്പം ഇല്ലെങ്കിലും ടീം സ്‌ക്വാഡ് ഈവിടവ് നികത്താന്‍ ഉതകുന്നതാണെന്നാണ് സാഹ പറയുന്നത്. ” ടീം നായകനെ അടിസ്ഥാനമാക്കി തന്നെയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ചിലപ്പോള്‍ ഞങ്ങളെയത് ചെറുതായി ബാധിച്ചേക്കാം. പക്ഷേ പകരം മികച്ച നിര ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ പ്രത്യാഘാതം ഉണ്ടാവില്ല.” സാഹ പറയുന്നു.

വാര്‍ണറെ ഈ സീസണിലും ലഭിക്കുകയാണെങ്കില്‍ അത് ടീമിനെ സംബന്ധിച്ചിടത്തോളം വളരെയധികം ഗുണമുള്ള കാര്യമായിരിക്കുമെന്നും സാഹ പറഞ്ഞു. ഡേവിഡ് വാര്‍ണറിനു കീഴില്‍ 9-ാം സീസണില്‍ ഹൈദരാബാദ് ഐ.പി.എല്‍ ചാമ്പ്യന്മാരായിരുന്നു 10-ാം സീസണില്‍ പ്ലേ ഓഫിലെത്താനും ടീമിനു കഴിഞ്ഞു.

“വാര്‍ണര്‍ ടീമിലുണ്ടെങ്കില്‍ സീസണിലെ ഏറ്റവും മികച്ച ടീമായി മാറാന്‍ ഞങ്ങള്‍ക്ക് കഴിയും. അല്ലെങ്കിലും മികച്ച ടീമായി മാറാനുള്ള ഒരുപറ്റം കളിക്കാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. 100 ശതമാനം ആകാന്‍ കഴിഞ്ഞില്ലെങ്കിലും അതിനോടടുത്ത് എത്താനാകുന്ന നിര” സാഹ പറയുന്നു.