ഫുട്ബോള്‍ ലോകത്തെ ഇതിഹാസ താരമാണ് ലയണല്‍ മെസി. അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി കരിയറില്‍ 858 ഗോളുകള്‍ നേടിയാണ് മുന്നേറുന്നത്. നിലവില്‍ എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്.
ഇപ്പോള്‍ 2022 ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ നടത്തിയ ഐതിഹാസികമായ പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലയണല്‍ മെസി. ഫൈനലില്‍ നാല് ഗോളുകള്‍ നേടിയിട്ടും എംബാപ്പെക്ക് ലോക ചാമ്പ്യനാവാന്‍ സാധിച്ചില്ലെന്നാണ് മെസി പറഞ്ഞത്. 2014 ലോകകപ്പില്‍ തനിക്കും ഇതുപോലെ സംഭവിച്ചുവെന്നും മെസി പറഞ്ഞു.
‘2018 ലോകകപ്പ് നേടാന്‍ കഴിഞ്ഞതില്‍ എംബാപ്പെക്ക് ആശ്വസിക്കാം. 2022 ലോകകപ്പ് ഫൈനലില്‍ അദ്ദേഹം നാല് ഗോളുകള്‍ നേടി എന്നിട്ടും ചാമ്പ്യനാകാന്‍ കഴിഞ്ഞില്ല. 2014ല്‍ എനിക്കും ഇതേ കാര്യമാണ് സംഭവിച്ചത്. അത് എന്നെ വേട്ടയാടിയിരുന്നു. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ എനിക്ക് തോന്നും രണ്ട് മത്സരങ്ങളും ജയിക്കാന്‍ കഴിയുമായിരുന്നെന്ന്,’ സിമ്പിള്‍മെന്റെ ഫുട്‌ബോള്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മെസി പറഞ്ഞു.
2022 ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയാണ് എംബാപ്പെ തിളങ്ങിയത്. മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലും ഫ്രാന്‍സിനായി താരം ലക്ഷ്യം കണ്ടിരുന്നു. മത്സരത്തില്‍ ഇരു ടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടി തുല്യത പാലിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്നു. മെസിയുടെയും എയ്ഞ്ചല്‍ ഡി മരിയയുടെയും ഗോളുകളുടെ കരുത്തിലാണ് അര്‍ജന്റീന ലീഡ് നേടിയത്.
എന്നാല്‍ രണ്ടാം പകുതിയില്‍ ഇരട്ടഗോള്‍ നേടിക്കൊണ്ട് ഫ്രാന്‍സ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വരികയായിരുന്നു. ഒടുവില്‍ മത്സരത്തിന്റെ മുഴുവന്‍ സമയങ്ങളില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനിലയില്‍ ആവുകയായിരുന്നു. ഒടുവില്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. അധിക സമയങ്ങളില്‍ മെസി വീണ്ടും അര്‍ജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു.
എന്നാല്‍ മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തില്‍ എത്തിച്ചുകൊണ്ട് ഫ്രാന്‍സ് സമനില പിടിക്കുകയായിരുന്നു. ഒടുവില്‍ പെനാല്‍റ്റി വിധിയെഴുതിയ മത്സരത്തില്‍ 4-2 എന്ന സ്‌കോറിന് ഫ്രാന്‍സിനെ വീഴ്ത്തിയായിരുന്നു മെസിയും സംഘവും വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പില്‍ മുത്തമുട്ടത്.
Content Highlight: Lionel Messi Talking About Kylian Mbappe In 2022 Football World Cup