ന്യൂയോര്‍ക്ക്: യു.എസ് ശതകോടീശ്വരനും ട്രംപ് ഭരണകൂടത്തിന്റെ ഉപദേഷ്ടാവുമായ ഇലോണ്‍ മസ്‌കുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതും കൃത്രിമബുദ്ധി ദുരുപയോഗം ചെയ്യുന്നതും കമ്പനികള്‍ക്ക് അവരുടെ ബ്രാന്‍ഡിന്റെ പേര് നഷ്ടപ്പെടുത്തുമെന്ന് സര്‍വെ ഫലം.
നൂറിലധികം ഇന്റര്‍നാഷണല്‍ പബ്ലിക് അഫയേഴ്‌സ് ലീഡര്‍മാര്‍ക്കിടയില്‍ ഗ്ലോബല്‍ റിസ്‌ക് അഡൈ്വസറി കൗണ്‍സില്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ സിറ്റുവേഷന്‍ റൂം ആണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ സമിതിയെ നിയോഗിച്ചത്.
ജോ ബൈഡന്‍ പ്രസിഡന്റായിരുന്ന സമയത്ത് യു.എസ് സ്‌മോള്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ മേധാവിയായിരുന്ന ഇസബെല്‍ ഗുസ്മാനാണ് ഗ്ലോബല്‍ റിസ്‌ക് അഡൈ്വസറി കൗണ്‍സിലിന്റെ അധ്യക്ഷന്‍.
പലപ്പോഴും കമ്പനികള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക, രാഷ്ട്രീയ, ഉപഭോക്തൃ യാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണമായി കണക്കിലെടുക്കാതെ തീരുമാനങ്ങള്‍ എടുക്കുന്നത് കമ്പനികള്‍ക്ക് ദോഷമാണെന്ന് ഇസബെല്‍ ഗുസ്മാന്‍ പറഞ്ഞു.
2025 മാര്‍ച്ച് വരെയുള്ള ഏറ്റവും ആഗോള സംഭവവികാസങ്ങള്‍ വിശകലനം ചെയ്തതില്‍ സൂചികയിലെ പ്രധാന ആശങ്കകളില്‍ ഒന്നായി ഇലോണ്‍ മസ്‌കുമായുള്ള ബന്ധവും ഇടം നേടി.
ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തികളിലൊരാളായ മസ്‌ക് എയ്റോസ്പേസ് കമ്പനിയായ സ്പേസ് എക്സ്, ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സ് എന്നിവയുടെ ഉടമയാണ്.
ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി മസ്‌ക് വലിയൊരു തുക തന്നെ സംഭാവന ചെയ്തിരുന്നു. ജനുവരിയില്‍ ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം, പ്രസിഡന്റിന്റെ ‘ഗവണ്‍മെന്റ് കാര്യക്ഷമതാ വകുപ്പ്’ (ഡോഗ്) മേധാവിയായി മസ്‌കിനെ നിയമിച്ചിരുന്നു. മസ്‌ക ആകട്ടെ തന്റെ അധികാരം ഉപയോഗിച്ച് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഫെഡറല്‍ ബജറ്റും സ്റ്റാഫുകളേയും വെട്ടിക്കുറച്ചു.
മസ്‌കിനെതിരെ അമേരിക്കയിലുടനീളവും ലോകവ്യാപകമായും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. വിപണിയിലെ ടെസ്‌ലയുടെ ഓഹരി മൂല്യം ഇടിയുകയും ബോയ്‌ക്കോട്ട് ക്യാമ്പയിനുകള്‍ പൊട്ടിപ്പുറപ്പെടുയും ചെയ്തിരുന്നു. അതിലുപരി പലസ്ഥലങ്ങളിലും പ്രതിഷേധക്കാര്‍ ടെസ്‌ല കാറുകള്‍ അഗ്നിക്കിരയാക്കിയിരുന്നു.
മാര്‍ച്ചില്‍ പുറത്തുവിട്ട ക്വിന്നിപിയാക് യൂണിവേഴ്സിറ്റി സര്‍വേയില്‍ മസ്‌ക് ഫെഡറല്‍ ഗവണ്‍മെന്റ് നിയമിക്കുന്ന തൊഴിലാളികളുമായി ഇടപെടുന്ന രീതിയെ 60% വോട്ടര്‍മാരും പുച്ഛത്തോടെയാണ് കാണുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ട്രംപ് ഭരണകൂടത്തിലെ പദവികളില്‍ നിന്ന് മസ്‌ക് മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഐസ്ലാന്‍ഡിന്റെ മുന്‍ വിദേശകാര്യ മന്ത്രി തോര്‍ഡിസ് കോള്‍ബ്രൂണ്‍, ബാങ്ക് ഓഫ് അയര്‍ലന്‍ഡ് പബ്ലിക് അഫയേഴ്സ് മേധാവി പോള്‍ ഒബ്രയന്‍, ഡോര്‍ഡാഷിന്റെ ആഗോള പബ്ലിക് അഫയേഴ്സ് മേധാവി ടെയ്ലര്‍ ബെന്നറ്റ, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എക്സ്പോര്‍ട്ടേഴ്സ് ആന്‍ഡ് ഇംപോര്‍ട്ടേഴ്സ് പ്രസിഡന്റ് യൂജിന്‍ ലാനി, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ സ്റ്റീല്‍സ്‌കൈ വെഞ്ച്വേഴ്സിന്റെ സ്ഥാപക മരിയ ടോളര്‍ എന്നിവരാണ് സര്‍വേ തയ്യാറാക്കിയ കൗണ്‍സിലിലെ മറ്റ് അംഗങ്ങള്‍.
Content Hight: Relationship with Elon Musk, misuse of AI; Both of these will damage companies’ reputations, says survey report