2025 IPL
പ്രതികാരം ചെയ്ത് റെക്കോഡ് തൂക്കാന്‍ കിങ് കോഹ്‌ലി; സൂപ്പര്‍ സണ്‍ഡേ പൊടിപാറും!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 20, 07:44 am
Sunday, 20th April 2025, 1:14 pm

ഐ.പി.എല്ലിലെ സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സിനെയാണ് നേരിടുന്നത്. പഞ്ചാബിന്റെ തട്ടകത്തിലാണ് മത്സരം നടക്കുന്നത്. രണ്ടാം മത്സരത്തില്‍ മുംബൈയും ചെന്നൈയുമാണ് ഏറ്റുമുട്ടുന്നത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

എന്നാല്‍ ആരാധകരുടെ പ്രധാന ശ്രദ്ധാ കേന്ദ്രം പഞ്ചാബും ബെംഗളൂരുവും തമ്മിലുള്ള മത്സരമാണ്. മഴ കാരണം 14 ഓവറാക്കി ചുക്കിയ കഴിഞ്ഞ മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ബെംഗളൂരു ഉയര്‍ത്തിയ 95 റണ്‍സ് പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 11 പന്ത് അവശേഷിക്കെ മറികടന്നിരുന്നു. ഇതോടെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ ബെംഗളൂരുവിന് റിവഞ്ച് ചെയ്യാനുള്ള അവസരവുമുണ്ട്.

മാത്രമല്ല ഇതിന് പുറമെ ബെംഗളൂരു സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് ഒരു മിന്നും റെക്കോഡ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഇന്ന് കളത്തില്‍ ഇറങ്ങുമ്പോള്‍ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്ന താരം എന്ന നേട്ടമാണ് വിരാടിനെ കാത്തിരിക്കുന്നത്. ഈ നേട്ടത്തില്‍ നിലവില്‍ ഓസ്ട്രേലിയന്‍ സൂപ്പര്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറിനൊപ്പമാണ് വിരാട്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്ന താരം

ഡേവിഡ് വാര്‍ണര്‍ – 66

വിരാട് കോഹ്‌ലി – 66

ശിഖര്‍ ധവാന്‍ – 53

രോഹിത് ശര്‍മ – 45

കെ.എല്‍. രാഹുല്‍ – 43

നിലവില്‍ ഐ.പി.എല്ലിന്റെ പതിനെട്ടാം സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും 249 റണ്‍സ് ആണ് വിരാട് നേടിയത്. 141.48 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. മാത്രമല്ല സീസണില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളാണ് താരം തന്റെ അക്കൗണ്ടിലാക്കിയത്. 10 സിക്സറും 20 ബൗണ്ടറികളും ആണ് താരം ഇതുവരെ അടിച്ചത്.

Content Highlight: IPL 2025: Virat Kohli Need One 50 Plus Score To Achieve Great Record In IPL