കോഴിക്കോട്: സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍. സര്‍ഗാത്മക സൃഷ്ടിയുടെ അവകാശത്തിന് വേണ്ടി നിരന്തരം പോരാടാന്‍ നമുക്ക് ഒരു ഇളയരാജ മാത്രമേയുള്ളുവെന്ന് സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സി.ആര്‍. നീലകണ്ഠന്റെ പരാമര്‍ശം.
ഇളയരാജയെ പോലെ ഒരു ലെജന്‍ഡ് ജീവിക്കുന്ന ലോകത്ത് ജീവിച്ചിരിക്കുന്നു എന്നത് അഭിമാനമാണെന്നും നീലകണ്ഠന്‍ കുറിച്ചു. ഇളയരാജ അദ്ദേഹത്തിന്റെ രാജകീയ സംഗീതവും അവകാശ പോരാട്ടങ്ങളും തുടരണമെന്നും നീലകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.
വിഷു റിലീസായി തിയേറ്ററുകളിലെത്തിയ തമിഴ് സിനിമയായ ഗുഡ് ബേഡ് അഗ്ലിയുടെ നിര്‍മാതാവിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇളയരാജ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് സി.ആര്‍. നീലകണ്ഠന്റെ പ്രതികരണം.
ഇതിനുമുമ്പ് മഞ്ഞുമ്മല്‍ ബോയ്‌സ്, കൂലി തുടങ്ങിയ സിനിമകളുടെ നിര്‍മാതാക്കള്‍ക്കും ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്.
എന്നാല്‍ സണ്‍ പിക്ചേഴ്സ്, സോണി മ്യൂസിക് തുടങ്ങി ചലച്ചിത്രഗാന വ്യവസായ മേഖലയിലെ ഭീമന്‍ കമ്പനികളോട് റോയല്‍റ്റി ചോദിക്കുന്ന ഇളയരാജയെ എല്ലാരുമറിയും, പക്ഷെ താന്‍ വാങ്ങുന്ന റോയല്‍റ്റിയുടെ പങ്ക് സിനിമ മ്യൂസിക് അസോസിയേഷനിലെ തൊഴില്‍രഹിതരും പ്രായാധിക്യവും രോഗങ്ങളുംമൂലം കഷ്ടപ്പെടുന്നവരും ഉള്‍പ്പെടെയുള്ള കലാകാരന്മാരുടെ ക്ഷേമത്തിനും ചികിത്സയ്ക്കും നല്‍കുന്ന ഇളയരാജയെ എത്രപേര്‍ അറിയുമെന്നാണ് സി.ആര്‍. നീലകണ്ഠന്‍ ചോദിക്കുന്നത്.
സിനിമയ്ക്ക് പണം മുടക്കി പാപ്പരായിപോയ പ്രൊഡ്യൂസര്‍മാരുടെ സംഘടനയ്ക്ക് റോയല്‍റ്റി വിഹിതം നല്‍കുന്ന ഇളയരാജയെ എത്രപേര്‍ അറിയും? തന്റെ പാട്ടുകളുടെ റോയല്‍റ്റി വിഹിതം ചട്ടപ്രകാരം ആ മേഖലയിലെ എന്‍.ജി.ഒകളുടെ സഹായത്തോടെ അര്‍ഹതയുള്ളവര്‍ക്ക് എത്തിക്കുന്ന ഇളയരാജയെ എത്രപേര്‍ അറിയും? നിര്‍മാതാവിന്റെയോ സംവിധായകന്റെയോ നിസഹായത കണ്ട് പണം വാങ്ങാതെ സിനിമയ്ക്ക് പാട്ടുകള്‍ ചെയ്ത് കൊടുത്തിട്ടുള്ള ഇളയരാജയെ കുറിച്ച് എത്ര പേര് അറിയുമെന്നും സി.ആര്‍. നീലകണ്ഠന്‍ ചോദിച്ചു.
ജീവിക്കാന്‍വേണ്ടി തുച്ഛമായ പണത്തിനുവേണ്ടി പാടുന്ന ഏതെങ്കിലും ഗായകരോടും സാധാരണ ഗാനമേള ട്രൂപ്പുകളോടും ഇളയരാജ ഏതെങ്കിലും റോയല്‍റ്റി വിവാദം ഉന്നയിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.
റോയല്‍റ്റി ചോദിക്കുന്ന ഇളയരാജയെ കുറിച്ച് വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍, ലണ്ടനില്‍ വെച്ച് ഇളയരാജ വിഖ്യാതമായ ലണ്ടന്‍ റോയല്‍ ഫില്‍മോറിക് ഓര്‍ക്കസ്ട്ര ഗ്രൂപ്പുമായി ചേര്‍ന്ന് നടത്തിയ പാശ്ചാത്യ സിംഫണി അര്‍ഹിക്കുന്ന പരിഗണനയോടെ ആഘോഷിച്ചിരുന്നത് ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടിരുന്നോയെന്നും സി.ആര്‍. നീലകണ്ഠന്‍ ചോദിക്കുന്നുണ്ട്.
താന്‍ ഇളയരാജയുടെ രാഷ്ട്രീയ നിലപാടുകളോട് പലപ്പോഴും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സംഗീതജ്ഞന്‍ എന്ന നിലയില്‍ കോടികളുടെ ബിസിനസ് ആകുന്ന ചലച്ചിത്ര ഗാനനിര്‍മാണ മേഖലകളില്‍ വഞ്ചിക്കപ്പെടുകയും നിശബ്ദരാക്കപ്പെടുകയും ചെയ്യുന്ന നൂറുകണക്കിന് കലാകാരന്മാരുടെ ശബ്ദമായി പകര്‍പ്പ് അവകാശത്തിനുവേണ്ടി പോരാടുന്ന ഇളയരാജയെ ആദരവോടെ മാത്രമേ ഓര്‍ക്കാനാകൂ എന്നും അദ്ദേഹം പറയുന്നു.
Content Highlight: We have only one Ilayaraja to fight for the right to creative work: C.R. Neelakandan