ഇബ്രാഹിം റഈസിയുടെ ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ആരും ജീവനോടെയില്ലെന്ന് സൂചന
Ebrahim Raisi
ഇബ്രാഹിം റഈസിയുടെ ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ആരും ജീവനോടെയില്ലെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2024, 9:06 am

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ആരെയും ജീവനോടെ കണ്ടെത്താനായിട്ടില്ലെന്നും സൂചനകളുണ്ട്. ഇറാന്‍ പ്രസിഡന്റിന് പുറമെ വിദേശ കാര്യമന്ത്രി ഹുസൈന്‍ അമീറബ്ദുല്ലഹ്‌യാന്‍, കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യ ഗവര്‍ണര്‍ മിലിക് റഹ്മത്തി, അയത്തുള്ള അലി ഖമനൈനിയുടെ പ്രതിനിധി ആയത്തുള്ള മുഹമ്മദ് അലി ആലു ഹാഷി എന്നിവരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇവരില്‍ ആരും ജീവനോടെയില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും ഇറാന്‍ ഇക്കാര്യം ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ടെഹ്‌റാനില്‍ നിന്നും 600 കിലോമീറ്റര്‍ അകലത്തിലാണ് പൂര്‍ണമായും തകര്‍ന്ന നിലയില്‍ ഹെലികോപ്റ്റര്‍ കണ്ടെത്തിയതെന്ന് ഇറാന്‍ റെഡ് ക്രസിന്റ് മേധാവിയെ ഉദ്ധരിച്ച് കൊണ്ട് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാനിലെ ഈസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയിലെ വനമേഖലയായ ഇവിടേക്ക് കാല്‍നടയായി മാത്രമേ രക്ഷപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചിരുന്നുള്ളൂ. ടെഹ്റാനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്ത് കനത്ത മഴ പെയ്തതും തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിച്ചിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തെത്തിയിരുന്നു. പ്രത്യേക പരിശീലനം നേടിയ സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിന് റഷ്യ അയച്ചിരുന്നു. വ്യത്യസ്തങ്ങളായ 40 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്‍-അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഒരു അണക്കെട്ട് ഉദ്ഘാടനത്തില്‍ അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹഹം അലിയേവിനൊപ്പം പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഹെലികോപ്റ്റര്‍ അപടകത്തില്‍ പെട്ടത്. മൂന്ന് ഹെലികോപ്റ്ററുകളുണ്ടായിരുന്ന സംഘത്തില്‍ ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. മറ്റു രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

content highlights: Wreckage of Ibrahim Raizi’s helicopter found; Indication that no one is alive