WPL
ബൗളര്‍മാര്‍ എറിഞ്ഞിട്ടു; മത്സരം കഴിയും മുമ്പേ റോയല്‍ ചലഞ്ചേഴ്‌സിന് തകര്‍പ്പന്‍ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 17, 04:51 pm
Monday, 17th February 2025, 10:21 pm

 

വനിതാ പ്രീമിയര്‍ ലീഗില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ തകര്‍പ്പന്‍ റെക്കോഡുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വഡോദര അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്പിറ്റല്‍സിനെ ഓള്‍ ഔട്ടാക്കിയതിന് പിന്നാലെയാണ് റോയല്‍ ചലഞ്ചേഴ്‌സ് റെക്കോഡ് നേട്ടത്തില്‍ ഒന്നാമതെത്തിയത്.

വനിതാ പ്രീമിയര്‍ ലീഗില്‍ എതിരാളികളെ ഏറ്റവുമധികം തവണ ഓള്‍ ഔട്ടാക്കിയ ടീം എന്ന നേട്ടമാണ് റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ്, യു.പി വാറിയേഴ്‌സ് എന്നിവരെ മറികടന്നുകൊണ്ടാണ് ആര്‍.സി.ബി ഒറ്റയ്ക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

വനിതാ പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം തവണ എതിരാളികളെ പുറത്താക്കിയ ടീം

(ടീം – എത്ര തവണ എന്നീ ക്രമത്തില്‍)

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 4*

മുംബൈ ഇന്ത്യന്‍സ് – 3

യു.പി വാറിയേഴ്‌സ് – 3

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 1

ഗുജറാത്ത് ജയന്റ്‌സ് – 1

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ആര്‍.സി.ബി ദല്‍ഹി ക്യാപ്പിറ്റല്‍സിനെ ഓള്‍ ഔട്ടാക്കുന്നത്. കഴിഞ്ഞ സീസണിന്റെ ഫൈനലിലാണ് ഇരുവരും ഇതിന് മുമ്പ് നേര്‍ക്കുനേര്‍ വന്നത്. അന്നും ആര്‍.സി.ബി ബൗളര്‍മാര്‍ തങ്ങളുടെ കരുത്തറിയിച്ചിരുന്നു.

അതേസമയം, മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ആര്‍.സി.ബി എതിരാളികളെ 19.3 ഓവറില്‍ 141 റണ്‍സിന് പുറത്താക്കി. രേണുക സിങ്ങിന്റെയും ജോര്‍ജിയ വെര്‍ഹാമിന്റെയും കരുത്തിലാണ് ആര്‍.സി.ബി ക്യാപ്പിറ്റല്‍സിനെ ചുരുട്ടിക്കെട്ടിയത്.

22 പന്തില്‍ 34 റണ്‍സ് നേടിയ ജെമീമ റോഡ്രിഗസാണ് ക്യാപ്പിറ്റല്‍സിന്റെ ടോപ് സ്‌കോറര്‍. 19 പന്തില്‍ 23 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ സാറ ബ്രൈസും സ്‌കോര്‍ ബോര്‍ഡിലേക്ക് തന്റേതായ സംഭാവന നല്‍കി.

അന്നബെല്‍ സതര്‍ലാന്‍ഡ് (13 പന്തില്‍ 19), ക്യാപ്റ്റന്‍ മെഗ് ലാന്നിങ് (19 പന്തില്‍ 17), ശിഖ പാണ്ഡേ (15 പന്തില്‍ 14) എന്നിവരാണ് ക്യാപ്പിറ്റല്‍സ് നിരയിലെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

റോയല്‍ ചലഞ്ചേഴ്‌സിനായി രേണുക സിങ്ങും ജോര്‍ജിയ വെര്‍ഹാമും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി കിം ഗാര്‍ത്തും ഏക്ത ബിഷ്തും ക്യാപ്പിറ്റല്‍സിന്റെ പതനം പൂര്‍ത്തിയാക്കി.

 

Content highlight: WPL 2025: Royal Challengers Bengaluru tops the list of most all outs enforced in WPL