ന്യൂദല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങ്.
നോട്ട് നിരോധനം രാജ്യത്തെ ഒട്ടാകെ തകര്‍ത്തെന്നും എന്നാല്‍ ഏറ്റവും മോശമായ അവസ്ഥ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്നും മന്‍മോഹന്‍ പറഞ്ഞു.
നോട്ട് നിരോധനം ഇന്ത്യയെ മുറിപ്പെടുത്തി. കാര്യങ്ങളില്‍ ഓരോ ദിവസം ചെല്ലുന്തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഏറ്റവും മോശം അവസ്ഥയെന്നത് ഇനി വരാനിരിക്കുന്നതേയുള്ളൂ- മന്‍മോഹന്‍ പറഞ്ഞു.
ഞാന്‍ ഇത് മുന്‍പും പാര്‍ലമെന്റില്‍ പറഞ്ഞതാണ്. നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. ചില റേറ്റിങ് ഏജന്‍സികള്‍ പറയുന്നത് ജി.ഡി.പി 6.6 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്നാണ്.
ജി.ഡി.പി കുറയുമ്പോള്‍ തൊഴില്‍തകര്‍ച്ചയുണ്ടാകും ഉത്പാദനം കുറയും. കാര്‍ഷിക വരുമാനം ഇടിയും. എന്തൊരു വലിയ ദുരന്തമാണ് രാജ്യം നേരിടുന്നതെന്ന് നോക്കണം. ഒരു വലിയ തകര്‍ച്ചയ്ക്കുള്ള തുടക്കമാണ് ഇതെന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷത്തനിടെ ദേശീയവരുമാനത്തില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായതെന്ന മോദിയുടെ വാദം വെറും പൊള്ളയാണെന്നും മന്‍മോഹന്‍ വ്യക്തമാക്കി.
നോട്ട് നിരോധനത്തെ രൂക്ഷമായി തന്നെ ചിദംബരവും വിമര്‍ശിച്ചു. നോട്ട് നിരോധനം ജി.ഡി.പിയെ നേരിട്ട് ബാധിച്ചെന്നും മോദി സര്‍ക്കാരിന്റെ തീരുമാനം മൂലം വലിയ തകര്‍ച്ച നേരിട്ടവരോട് ആര് സമാധാനം പറയുമെന്നും ചിദംബരം ചോദിക്കുന്നു. ദിവസകൂലിക്ക് പണിയെടുക്കുന്ന പാവങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയേ തീരൂവെന്നും ചിദംബരം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍ തീരുമാനം വലിയ ദുരന്തമാണെന്ന് നേരത്തെ മന്‍മോഹന്‍ സിങ് വിമര്‍ശിച്ചിരുന്നു.
ഇന്ത്യ യുദ്ധകാലത്തിന് സമാനമായ അവസ്ഥയിലേക്ക് എത്തിയെന്നും യുദ്ധസമയത്ത് റേഷനായി കിട്ടുന്ന ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്നതുപോലെ റേഷനായി കിട്ടുന്ന പണത്തിനായി ജനങ്ങള്‍ കാത്തുനില്‍ക്കേണ്ടി വന്നെന്നും മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തിയിരുന്നു.
100 കോടിയിലധികം വരുന്ന ഇന്ത്യക്കാര്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസമാണ് നോട്ട് നിരോധിച്ച ഒറ്റ നടപടിയിലൂടെ നരേന്ദ്ര മോദി തകര്‍ത്തതെന്നും എല്ലാ പണവും കള്ളപ്പണമാണെന്നും എല്ലാ കള്ളപ്പണവും പണമായിട്ടാണ് എന്ന് പറയുന്നതും ദുരന്തമാണെന്നും ഇത് യാഥാര്‍ഥ്യത്തില്‍ നിന്ന വളരെ അകലെയാണെന്നും മന്‍മോഹന്‍സിങ് പറഞ്ഞിരുന്നു.