ന്യൂദല്‍ഹി: ദേശീയ സൈനിക ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഖാദിയില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിക്കാനൊരുങ്ങി എം.എസ്.എം.ഇ (മിനിസ്ട്രി ഓഫ് മൈക്രോ സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ്) മന്ത്രാലയം.
രാജസ്ഥാന്‍ ജയ്‌സാല്‍മീറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലാണ് പതാക സ്ഥാപിക്കുന്നത്.
1971ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ഐതിഹാസികമായ യുദ്ധത്തിന്റെ കേന്ദ്രമായിരുന്ന ലോംഗെവാലയിലാണ് പതാക പ്രദര്‍ശിപ്പിക്കുന്നത്.
ലേ, ജമ്മു കശ്മീര്‍, മുംബൈ എന്നിവിടങ്ങള്‍ക്ക് ശേഷം ഏറ്റവും വലിയ ഖാദിയില് നിര്‍മിച്ച ദേശീയ പതാക ഉയര്‍ത്തുന്നത് ജയ്‌സല്‍മീറിലാണ്.
2021 ഒക്ടോബര്‍ 2-ന് ലേയില്‍ ദേശീയ പതാക അനാച്ഛാദനം ചെയ്തതിന് ശേഷമുള്ള അഞ്ചാമത്തെ പൊതു പ്രദര്‍ശനമാണിത്. പിന്നീട്, 2021 ഒക്ടോബര്‍ 8-ന് വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ഹിന്‍ഡണ്‍ എയര്‍ബേസിലും ഒക്ടോബര്‍ 21-ന് ചെങ്കോട്ടയിലും പതാക പ്രദര്‍ശിപ്പിച്ചിരുന്നു.
ഇതിന് ശേഷം ഇന്ത്യയില്‍ നൂറ് കോടി വാക്‌സിനേഷന്‍ എന്ന നേട്ടത്തിലെത്തിയപ്പോളും, ഡിസംബര്‍ 4ന് നാവിക സേനാ ദിനത്തില്‍ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപമുള്ള നേവല്‍ ഡോക്ക്‌യാര്‍ഡിലും പതാക പ്രദര്‍ശിപ്പിച്ചിരുന്നു.
‘ഖാദിയില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക ദേശീയ സൈനിക ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജയ്‌സല്‍മീറിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രദര്‍ശിപ്പിക്കും,’ എം.എസ്.എം.ഇ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ദേശീയ പതാകയ്ക്ക് 225 അടി നീളവും 150 അടി വീതിയും ഏകദേശം 1,400 കിലോഗ്രാം ഭാരവുമുണ്ടെന്നാണ് എം.എസ്.എം.ഇ മന്ത്രാലയം പറയുന്നത്.