ടോക്യോ: ലോകത്തിലെ ആദ്യത്തെ ഡ്യുവല്‍-മോഡ് വാഹനം ജപ്പാനില്‍ നിരത്തിലിറങ്ങി. റോഡിലൂടെയും റെയില്‍വേ ട്രാക്കിലൂടെയും ഒരുപോലെ സഞ്ചരിക്കാവുന്ന വാഹനമാണിത്.
ജപ്പാനിലെ ടൊകുഷിമയിലെ കെയ്‌യോ നഗരത്തില്‍ ശനിയാഴ്ചയായിരുന്നു ഈ വാഹനം പൊതുജനങ്ങള്‍ക്ക് മുന്നില്‍ ആദ്യമായി ഓടിയത്.
കണ്ടാല്‍ ഒരു മിനിബസ്സിനെ പോലെ തോന്നിക്കുന്ന ഈ വാഹനം റോഡിലിറങ്ങുമ്പോള്‍ സാധാരണ വാഹനങ്ങള്‍ക്കുള്ളത് പോലെ റബ്ബര്‍ ടയറിലായിരിക്കും സഞ്ചരിക്കുക.
അതേസമയം റെയില്‍ ട്രാക്കിലേക്ക് പ്രവേശിച്ച് കഴിഞ്ഞാല്‍ വാഹനത്തിനുള്ളില്‍ നിന്നും സ്റ്റീല്‍ ടയറുകള്‍ പുറത്തേക്ക് വരികയാണ് ചെയ്യുന്നത്. ഇതോടെ വാഹനം ഒരു ട്രെയിന്‍ കാര്യേജായി മാറുന്നു.
റെയില്‍ ലൈനില്‍ സഞ്ചരിക്കുമ്പോള്‍ സ്റ്റീല്‍ ടയറുകള്‍ നിലത്ത് മുട്ടി നില്‍ക്കുകയും റബ്ബര്‍ ടയറുകള്‍ പൊങ്ങി നില്‍ക്കുകയുമാണ് ചെയ്യുന്നത്.
അസ കോസ്റ്റ് റെയില്‍വേ കമ്പനിയാണ് ഈ ഡ്യുവല്‍-മോഡ് വാഹനം ഓപ്പറേറ്റ് ചെയ്യുന്നത്. ”കെയ്‌യോ പോലെ ജനസംഖ്യ കുറഞ്ഞ ചെറിയ നഗരങ്ങളില്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഉപകാരപ്രദമായിരിക്കും,” കമ്പനി സി.ഇ.ഒ ഷിഗെകി മിയുര പറഞ്ഞു.