പെര്‍ഫെക്ട് യോര്‍ക്കറില്‍ വിക്കറ്റുമായി ഷാഹിദ് അഫ്രിദി; ഇന്ത്യക്ക് പിന്നാലെ തുടക്കം ഗംഭീരമാക്കി പാകിസ്ഥാനും, മുമ്പോട്ട്
Sports News
പെര്‍ഫെക്ട് യോര്‍ക്കറില്‍ വിക്കറ്റുമായി ഷാഹിദ് അഫ്രിദി; ഇന്ത്യക്ക് പിന്നാലെ തുടക്കം ഗംഭീരമാക്കി പാകിസ്ഥാനും, മുമ്പോട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th July 2024, 3:56 pm

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന വേള്‍ഡ് ചാമ്പ്യന്‍സ് ഓഫ് ലെജന്‍ഡ്‌സ് 2024ല്‍ ആദ്യ ജയം സ്വന്തമാക്കി പാകിസ്ഥാന്‍ ചാമ്പ്യന്‍സ്. കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് യൂനിസ് ഖാനും സംഘവും ആദ്യ മത്സരം വിജയിച്ചുകയറിയത്. കഴിഞ്ഞ ദിവസം ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി വിജയക്കുതിപ്പിന് തുടക്കമിട്ടിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ പാക് നായകന്‍ യൂനിസ് ഖാന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189റണ്‍സാണ് ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് നേടിയത്.

സൂപ്പര്‍ താരം ആരോണ്‍ ഫിഞ്ചിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഓസീസ് മോശമല്ലാത്ത സ്‌കോറിലേക്കുയര്‍ന്നത്. 40 പന്തില്‍ മൂന്ന് സിക്‌സറിന്റെയും ഒമ്പത് ഫോറിന്റെയും അകമ്പടിയോടെ 68 റണ്‍സാണ് ഫിഞ്ച് നേടിയത്.

ബെന്‍ ഡങ്ക് (18 പന്തില്‍ 27), കാല്ലം ഫെര്‍ഗൂസന്‍ (16 പന്തില്‍ 26), നഥാന്‍ കൂള്‍ട്ടര്‍-നൈല്‍ (10 പന്തില്‍ 25) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

പാകിസ്ഥാന്‍ ചാമ്പ്യന്‍സിനായി ഷോയ്ബ് മാലിക്കും ഷാഹിദ് അഫ്രിദിയും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സൊഹൈല്‍ തന്‍വീര്‍, സയീദ് അജ്മലും വഹാബ് റിയാസും ഓരോ വിക്കറ്റ് വീതവും നേടി.

അഫ്രിദി വീഴ്ത്തിയ രണ്ട് വിക്കറ്റുകളിലൊന്ന് മുന്‍ ഓസീസ് നായകന്‍ ടിം പെയ്‌നിന്റേതായിരുന്നു. ഗോള്‍ഡന്‍ ഡക്കാക്കിയാണ് ബൂം ബൂം അഫ്രിദി പെയ്‌നിനെ മടക്കിയത്.

17ാം ഓവറിലെ അഞ്ചാം പന്തിലാണ് അഫ്രിദി പെയ്‌നിനെ മടക്കുന്നത്. യോര്‍കര്‍ ലെങ്തില്‍ പറന്നിറങ്ങിയ അഫ്രിദിയുടെ പന്തിന് മുമ്പില്‍ എന്ത് ചെയ്യണമെന്നറിയാതെ ടിം പെയ്ന്‍ ഒരു നിമിഷം പകച്ചുനിന്നുപോയി. പിന്നാലെ അഫ്രിദിയുടെ ഐക്കോണിക് സെലിബ്രേഷനാണ് താരം കാണുന്നത്.

ഈ വിക്കറ്റിന്റെ വീഡിയോ വൈറലാവുകയാണ്.

അതേസമയം, 190 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ പാകിസ്ഥാന് തുടക്കം പാളിയെങ്കിലും നായകന്‍ യൂനിസ് ഖാന്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

41 പന്തില്‍ 63 റണ്‍സാണ് യൂനിസ് ഖാന്‍ നേടിയത്. രണ്ട് സിക്‌സറും നാല് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ക്യാപ്റ്റന് പുറമെ ഷോയ്ബ് മാലിക്കും ഷോയ്ബ് മഖ്‌സൂദും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചപ്പോള്‍ പാകിസ്ഥാന്‍ രണ്ട് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനായി ക്യാപ്റ്റന്‍ ബ്രെറ്റ് ലീയും നഥാന്‍ കൂള്‍ട്ടര്‍-നൈലും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ സേവ്യര്‍ ഡോഹേര്‍ട്ടിയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

വ്യാഴാഴ്ചയാണ് പാകിസ്ഥാന്‍ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ക്രിസ് ഗെയ്‌ലിന്റെ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സാണ് എതിരാളികള്‍.

 

Also Read: തുടക്കം ഗംഭീരം! ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ തേരോട്ടം തുടങ്ങി

 

Also Read: സ്പെയ്നിനെതിരെയുള്ള കളിക്ക് ശേഷം അദ്ദേഹത്തെ ഞങ്ങൾ ഫുട്‍ബോളിൽ നിന്നും വിരമിപ്പിക്കും: ജോസേലു

 

Also Read: ലോകകപ്പിന് പിന്നാലെ ജഡേജയെക്കാള്‍ മികച്ച ഓള്‍ റൗണ്ടറായി വിരാട്!!! ഐ.സി.സി റാങ്കിങ്ങില്‍ ജഡ്ഡുവിനേക്കാള്‍ മേലെ

 

 

 

Content highlight: World Championship of Legends 2024: Pakistan Champions defeated Australia Champions