ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘രാവണനെപ്പോലെ 100 തലയുണ്ടോ?’ എന്ന എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് മുംതാസ് പട്ടേല്‍.
വാക്കുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അവ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണമെന്നും, സംസാരിക്കുന്നതിനു മുമ്പ് നന്നായി ആലോചിക്കണമെന്നും മുംതാസ് പട്ടേല്‍ പറഞ്ഞു.
‘എന്താണ് പറയുന്നത് എന്നതിനെ കുറിച്ച് നമ്മള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം നമ്മുടെ വാക്കുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോള്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം ആളുകളിലെത്തില്ല,’ മുംതാസ് പട്ടേല്‍ പറഞ്ഞു.
കോണ്‍ഗ്രസിനോട് മാത്രമല്ല, എല്ലാ പാര്‍ട്ടിയിലെയും ആളുകളോടും ഇതാണ് പറയാനുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകന്‍ അഹ്മദ് പട്ടേലിന്റെ മകളാണ് മുംതാസ്. സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന അഹ്മദ് പട്ടേല്‍ രണ്ട് വര്‍ഷം മുമ്പ് കൊവിഡ് ബാധിച്ചാണ് മരിച്ചത്.
അതേസമയം, മോദിയുടെ മുഖം എത്ര തവണ കാണണമെന്നും രാവണനെപ്പോലെ മോദിക്ക് നൂറ് തലയുണ്ടോ എന്നുമായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. അഹമ്മദാബാദില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോദിജി പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയുടെ കര്‍ത്തവ്യം മറന്ന് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്, എം.എല്‍.എ തെരഞ്ഞെടുപ്പ്, എം.പി തെരഞ്ഞെടുപ്പ് തുടങ്ങി എല്ലാ പ്രചരണപരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നു. എല്ലായിടത്തും തന്നെക്കുറിച്ച് മാത്രം സംസാരിക്കുന്നു.
മറ്റാരേയും നിങ്ങള്‍ കാണേണ്ടതില്ല, മോദിയെ മാത്രം നോക്കൂ, വോട്ട് ചെയ്യൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നിങ്ങളുടെ മുഖം എത്ര തവണയാണ് ഞങ്ങള്‍ കാണേണ്ടത്? നിങ്ങള്‍ക്ക് എത്ര രൂപമാണുള്ളത്? നിങ്ങള്‍ക്ക് രാവണനെപ്പോലെ നൂറ് തലകളുണ്ടോ?,’ എന്നാണ് ഖാര്‍ഗെ പറഞ്ഞത്.
ഇതിന് മറുപടിയുമായി മോദിയും എത്തി, ആര്‍ക്കാണ് മോദിയെ കൂടുതല്‍ അധിക്ഷേപിക്കാന്‍ കഴിയുക എന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഒരു മത്സരം തന്നെ നടക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ഗുജറാത്തിലെ കലോലില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
‘ആര്‍ക്കാണ് മോദിയെ കൂടുതല്‍ അധിക്ഷേപിക്കാന്‍ കഴിയുക, ആര്‍ക്കാണ് ഏറ്റവും രൂക്ഷമായ ആക്രമണം നടത്താന്‍ കഴിയുക എന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഒരു മത്സരം തന്നെ നടക്കുന്നുണ്ട്,’ മോദി പറഞ്ഞു.
ഖാര്‍ഗെ ജീ എന്നെ രാവണനുമായി താരതമ്യം ചെയ്തു. ചിലര്‍ എന്നെ പിശാചെന്ന് വിളിക്കുന്നുവെന്നും ചിലരെന്നെ കൂറയെന്ന് വിളിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ 52 ശതമാനമായിരുന്നു പോളിങ്. ഡിസംബര്‍ അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.