Kerala News
സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള നടപടി പിന്‍വലിക്കാന്‍ സഭ തയ്യാറാകണം;സമരത്തില്‍ പങ്കെടുത്തവരെ അടിച്ചമര്‍ത്തുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ല: വനിതാകമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 24, 08:44 am
Monday, 24th September 2018, 2:14 pm

കൊച്ചി: കന്യാസ്ത്രീ   സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍. സമരത്തില്‍ പങ്കെടുത്തവരെ അടിച്ചമര്‍ത്താനുള്ള സഭയുടെ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞത്.

ലൂസിക്കെതിരെ വിലക്കേര്‍പ്പെടുത്തിയ സഭാ നടപടി ഗൗരവതരമായി തന്നെ കാണേണ്ടതാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയുമായി ഇടവക വികാരി രംഗത്തെത്തിയത്.

സിസ്റ്റര്‍ ലൂസിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത് ഇടവക വികാരിയാണ്; നടപടിയില്‍ രൂപതയ്ക്ക് പങ്കില്ലെന്ന് രൂപതാധ്യക്ഷന്‍

മാധ്യമങ്ങളിലൂടെ സഭയെ വിമര്‍ശിച്ചതിനാണ് സിസ്റ്റര്‍ക്കെതിരെ വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടു നില്‍ക്കാനാണ് സഭാ നിര്‍ദ്ദേശിച്ചത്.

കഴിഞ്ഞ ദിവസമാണ് സഭയെക്കതിരെ തുറന്നടിച്ച് ലൂസി കളപ്പുരയ്ക്കല്‍ രംഗത്തെത്തിയത്. സഭയില്‍ കാര്യമായ തകരാറുകള്‍ ഉണ്ടെന്നും അത് തിരുത്താന്‍ സഭാ നേതൃത്വം തയ്യാറാകണമെന്നുമായിരുന്നു അവരുടെ വിമര്‍ശനം.