Entertainment news
റീറിലീസ് ട്രെയ്‌ലര്‍ പോലും വേറെ ലെവല്‍; ഒരേയൊരു രാജാവ്; ലൂസിഫര്‍ ട്രെയ്‌ലര്‍ പുറത്ത്

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ മലയാള ത്രില്ലര്‍ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്. ചിത്രം നിര്‍മിച്ചത് ആന്റണി പെരുമ്പാവൂര്‍ ആണ്. വന്‍ വിജയമായിരുന്ന സിനിമയായിരുന്നു ലൂസിഫര്‍. മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ ഏഴാമത്തെ ചിത്രമാണ് ലൂസിഫര്‍.

ഇപ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയിട്ടാണ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം മാര്‍ച്ച് 27ന് രാവിലെ ആറുമണിക്ക് തുടങ്ങുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ഇപ്പോള്‍ എമ്പുരാന്‍ ചിത്രത്തിന്റെ റിലീസിനൊടനുബന്ധിച്ച് ലൂസിഫര്‍ റീ റിലീസ് ചെയ്യാന്‍ പോകുകയാണ്. മാര്‍ച്ച് 20നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. അതിന്റെ മുന്നോടിയായി റീ റിലീസ് ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്.

 

ട്രെയ്‌ലര്‍ റിലീസ് ചെയ്തതിന് പിന്നാലെ വന്‍ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനേക്കാളും മികച്ച ട്രെയ്‌ലര്‍ കൊണ്ടുവരിക എന്നതാണ് എമ്പുരാന്റെ ഏറ്റവും വലിയ കടമ്പയെന്നും, റീറിലീസിന് വേണ്ടി ചെയ്ത ട്രെയ്‌ലര്‍ പോലും ഈ ലെവല്‍ അപ്പൊ എമ്പുരാന്‍ ട്രെയ്‌ലര്‍ ഒക്കെ തീ പാറും എന്നാണ് പ്രേഷകര്‍ കമന്റ് ചെയ്യുന്നത്. എന്നാല്‍ അതിനോടൊപ്പം തന്നെ എമ്പുരാന്റെ ട്രെയ്‌ലര്‍ പുറത്ത് വിടൂ എന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.

മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കേറിയ സിനിമയാണ് എമ്പുരാന്‍. 400 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസാണ് ചിത്രം. ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ തിയേറ്ററുകളിലെത്തിക്കുന്നത്.

ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി, ഖുറേഷി അബ്രഹാം എന്ന കഥാപാത്രമായി എത്തുന്നത് മോഹന്‍ലാലാണ്. കൂടാതെ പൃഥ്വിരാജ് സുകുമാരന്‍, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സംവിധായന്‍ ഫാസില്‍ എന്നിവരാണ് ലൂസിഫറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എമ്പുരാനിലും വിവേക് ഒബ്‌റോയ് ഒഴികെയുള്ളവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ സുരാജ് വെഞ്ഞാറമൂട്, ബൈജു, സായ്കുമാര്‍, നന്ദു, മണിക്കുട്ടന്‍, എന്നിങ്ങനെ വമ്പന്‍ താരനിരയാണ് എമ്പുരാനില്‍ അണിനിരക്കുന്നത്.

2023 ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ച എമ്പുരാന്‍ അമേരിക്ക, യുകെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരബാദ്, ഷിംല, ലേ എന്നീ സ്ഥലങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്, ക്യാമറ സുജിത്ത് വാസുദേവും എഡിറ്റിംഗ് നിര്‍വഹിച്ചത് അഖിലേഷ് മോഹനുമാണ്.

Content Highlight: Lucifer is being re-released. Trailer is out