Entertainment
കോടികള്‍ മുടക്കിയെടുത്ത പടത്തിന്റെ പ്രൊമോഷന് വിളിക്കുമ്പോള്‍ അവര്‍ വിസമ്മതിക്കുന്നു: സാന്ദ്ര തോമസ്

ബാലതാരമായി സിനിമാ മേഖലയിലേക്ക് എത്തിയ വ്യക്തിയാണ് സാന്ദ്ര തോമസ്. ഇന്ന് മലയാള സിനിമയിലെ വിരലിലെണ്ണാവുന്ന വനിതാ നിര്‍മാതാക്കളില്‍ ഒരാളാണ് സാന്ദ്ര. സക്കറിയയുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചത് സാന്ദ്ര തോമസാണ്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ആറോളം സിനിമകളും പിന്നീട് തന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസില്‍ മൂന്ന് സിനിമകളും സാന്ദ്ര നിര്‍മിച്ചിട്ടുണ്ട്. സിനിമാനിര്‍മാണത്തിന് പുറമെ ചില സിനിമകളില്‍ അഭിനയിക്കാനും സാന്ദ്രക്ക് സാധിച്ചിട്ടുണ്ട്.

ഇന്ന് നിര്‍മാതാക്കളുടെ ചിന്താഗതിയും കാഴ്ചപ്പാടുമൊക്കെ കാലത്തിന് അനുസരിച്ച് മാറുന്നുണ്ടെന്ന് പറയുകയാണ് സാന്ദ്ര തോമസ്. പണ്ടത്തെപ്പോലെ മുതലാളി വിളിപോലും ഇപ്പോഴില്ലെന്നും ഇന്ന് അതൊന്നും ആവശ്യവുമല്ലെന്നും സാന്ദ്ര പറയുന്നു.

പണം മുടക്കുന്നവര്‍ക്ക് അത് തിരികെ ലഭിക്കാന്‍ അനുകൂലമായ സാഹചര്യം വേണമെന്നും എന്നാല്‍ അതിന് സഹകരിക്കേണ്ടതിന് പകരം കോടികള്‍ മുടക്കി എടുത്ത ചിത്രത്തിന്റെ പ്രൊമോഷനായി അതിലെ അഭിനേതാക്കളെ വിളിക്കുമ്പോള്‍ പലരും വരാന്‍ വിസമ്മതിക്കുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു.

നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ‘പ്രൊഡ്യൂസര്‍മാര്‍ കാലത്തിനനുസരിച്ച് മാറാത്തതാണ് പ്രശ്നകാരണം എന്നൊരുവാദം കേള്‍ക്കുന്നു. ശരിയാണോ?’ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സാന്ദ്ര തോമസ്.

‘പ്രൊഡ്യൂസര്‍മാര്‍ കാലത്തിനനുസരിച്ച് മാറാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്ന വാദം ശരിയല്ല. പ്രൊഡ്യൂസര്‍മാരുടെ ചിന്താഗതിയും കാഴ്ചപ്പാടുമൊക്കെ കാലത്തിന് അനുസരിച്ച് മാറുന്നുണ്ട്. പണ്ടത്തെപ്പോലെ മുതലാളി വിളിപോലും ഇപ്പോഴില്ല. അതൊന്നും ആവശ്യവുമല്ല.

പണം മുടക്കുന്നയാള്‍ക്ക് അത് തിരികെ ലഭിക്കാന്‍ അനുകൂലമായ സാഹചര്യം വേണം. അതിനായി എല്ലാവരും സഹകരിക്കണം എന്നുമാത്രമാണ് ഞങ്ങള്‍ ആവശ്യപ്പടുന്നത്. ചിലപ്പോഴൊക്കെ കോടികള്‍ മുടക്കി എടുത്ത ചിത്രത്തിന്റെ പ്രൊമോഷനായി അതിലെ അഭിനേതാക്കളെ വിളിക്കുമ്പോള്‍ പലരും വരാന്‍ വിസമ്മതിക്കുന്നു.

ഒന്നാലോചിച്ച് നോക്കിയാല്‍ സിനിമ വിജയിക്കേണ്ടത് നിര്‍മാതാവിന്റെ മാത്രം ആവശ്യമായി മാറുകയാണിവിടെ. അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോള്‍ ഞാന്‍ കരഞ്ഞുപോയിട്ടുണ്ട്,’ സാന്ദ്ര തോമസ് പറയുന്നു.

Content Highlight: Sandra Thomas Talks About Production And Promotion Of Movies