Advertisement
Entertainment
നായകനേക്കാള്‍ പ്രായകൂടുതലുള്ള കൂട്ടുകാരന്റെ റോള്‍; ഒടുവില്‍ ഡയലോഗില്‍ അമ്മാവനെന്ന് ചേര്‍ത്തു: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 16, 07:47 am
Sunday, 16th March 2025, 1:17 pm

സത്യം ശിവം സുന്ദരം എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ കൂട്ടുകാരനായി തന്നെ കൊണ്ടുവരുമ്പോള്‍ സംവിധായകന്‍ റാഫിക്ക് ചെറിയ സംശയം ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ജഗദീഷ്. തനിക്ക് നായകനായ കുഞ്ചാക്കോ ബോബനേക്കാള്‍ പ്രായകൂടുതല്‍ ഉള്ളതായിരുന്നു ആ സംശയത്തിന് കാരണമെന്നും അദ്ദേഹം പറയുന്നു.

അതുകൊണ്ടാണ് സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ ഇടക്ക് തന്നെ ‘അമ്മാവോ’ എന്ന് വിളിച്ചിരുന്നതെന്നും ജഗദീഷ് പറഞ്ഞു. അതിന് താന്‍ തിരിച്ച് ചൂടാകുന്ന സീന്‍ ഉള്‍പ്പെടെ സ്‌ക്രിപ്റ്റില്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ചാക്കോച്ചന്റെ കൂടെയായിരുന്നു സത്യം ശിവം സുന്ദരം എന്ന സിനിമയില്‍ അഭിനയിച്ചത്. അതില്‍ ഞാന്‍ ചാക്കോച്ചന്റെ കൂട്ടുകാരനായിട്ടാണ് വന്നത്. എന്നാല്‍ എന്നെ കൂട്ടുകാരനായി കൊണ്ടു വരുമ്പോള്‍ റാഫിക്ക് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു.

അതായത് എനിക്ക് ചാക്കോച്ചനേക്കാള്‍ പ്രായക്കൂടുതലുണ്ടല്ലോ. ഞാന്‍ ഒരിക്കലും ചാക്കോച്ചന്റെ പ്രായമല്ല. അദ്ദേഹം വളരെ യങ്ങായിട്ടുള്ള ആളാണല്ലോ. അവസാനം ചാക്കോച്ചന്‍ ഡയലോഗില്‍ ഒരു കാര്യം എഴുതിച്ചേര്‍ത്തു. കൂട്ടുകാരന്‍ എന്നുള്ളയിടത്ത് ഇടയ്ക്കിടക്ക് ‘അമ്മാവോ’യെന്ന് എന്നെ വിളിക്കുന്നതായിട്ട്.

പക്ഷെ കൂട്ടുകാരനെ അമ്മാവോ എന്ന് വിളിക്കേണ്ട കാര്യമില്ലല്ലോ (ചിരി). അതുകൊണ്ട് അങ്ങനെ വിളിക്കുമ്പോഴൊക്കെ ഉടനെ ഞാന്‍ ചൂടായിട്ട് ‘ഞാന്‍ നിന്റെ അമ്മാവനൊന്നുമല്ല’ എന്ന് പറയും. ആ ഡയലോഗും സിനിമയിലുണ്ട്. അതൊക്കെ സ്‌ക്രിപ്റ്റില്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണ്.

ചാക്കോച്ചന്റെ കൂട്ടുകാരനായിട്ട് ആ സിനിമയില്‍ എന്നെ കൊണ്ടുവരാന്‍ അവര്‍ക്ക് കോണ്‍ഫിഡന്‍സ് കുറവുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു അങ്ങനെയൊരു മാറ്റം വരുത്തിയത്. പക്ഷെ അതില്‍ അവരെ കുറ്റം പറയാനാവില്ലല്ലോ. ചാക്കോച്ചന്റെ മുന്നില്‍ അത്ര ചെറുപ്പമല്ലല്ലോ ഞാന്‍,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish Talks About His Role In Sathyam Sivam Sundharam Movie With Kunchacko Boban