ആപ്പ് പിന്‍വലിച്ചതിന് വിശദീകരണവുമായി കോണ്‍ഗ്രസ്
National
ആപ്പ് പിന്‍വലിച്ചതിന് വിശദീകരണവുമായി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th March 2018, 7:58 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ നിന്നും പിന്‍വലിച്ചതിന് വിശദീകരണവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി അംഗത്വം നല്‍കുന്നതിനായി ഉപയോഗിച്ചിരുന്ന ആപ്പ് അഞ്ചു മാസമായി ഉപയോഗത്തിലില്ലെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി. ജനപിന്തുണ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് പുറത്തിറക്കിയ ആപ്ലിക്കേഷനില്‍ പാകപ്പിഴകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ആപ്പ് പിന്‍വലിച്ചത്.

“വിത്ത് ഐ.എന്‍.സി” എന്ന ആപ്പ് പ്ലേസ്റ്റോറില്‍ നിന്നും പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍, ലിങ്കിന്റെ യു.ആര്‍.എല്‍ നേരത്തെ മാറ്റിയിരുന്നു. പഴയ യു.ആര്‍.എല്‍ ടൈപ്പ് ചെയ്താലും പുതിയ യു.ആര്‍.എലിലേക്ക് റീഡയറക്ട് ചെയ്യും വിധം സജ്ജീകരിച്ചിട്ടുണ്ടെന്ന് ട്വിറ്ററിലെ കുറിപ്പില്‍ പറയുന്നു. പ്രവര്‍ത്തനക്ഷമമല്ലാത്ത യു.ആര്‍.എല്‍ ഉപയോഗിച്ച് കോണ്‍ഗ്രസിനെ പരിഹസിക്കാനുള്ള നീക്കങ്ങളെ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍നിന്ന് നീക്കാന്‍ നിര്‍ബന്ധിതരായതെന്നും കോണ്‍ഗ്രസ് ട്വീറ്റില്‍ പറയുന്നു.

 

 

കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക ആപ്പായ “വിത്ത് ഐ.എന്‍.സി” ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനി ചോര്‍ത്തുന്നുണ്ടെന്ന വിവരം പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് കോണ്‍ഗ്രസ് നീക്കം ചെയ്തത്. ഫ്രഞ്ച് ഗവേഷകനായ എലിയട്ട് ആന്‍ഡേഴ്സണ്‍ ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

അതേസമയം, പ്രധാനനന്ത്രിയുടെ നമോ ആപ്പ് ഉപേഭാക്താക്കളുടെ ശബ്ദവും വീഡിയോയും രഹസ്യമായി ശേഖരിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് ആപ്പിന്റെ സെര്‍വര്‍ സിംഗപ്പൂരിലാണെന്നും ഡേറ്റാ ചേര്‍ത്തി സിംഗപ്പൂര്‍ കമ്പനിക്ക് നല്കിയെന്നും ബി.ജെ.പിയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.


Watch DoolNews Video:

 സ്മാര്‍ട് സിറ്റി എന്ന് പൂര്‍ത്തിയാകും?