1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ജഗദീഷ്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകുന്ന ജഗദീഷിനെയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണാന്‍ സാധിക്കുന്നത്.
ജഗദീഷ് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍. വക്കീല്‍ വേഷമാണ് ജഗദീഷ് ആഭ്യന്തര കുറ്റവാളിയില്‍ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ തന്റെ വക്കീല്‍ വേഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. ഹരികൃഷ്ണന്‍സ് എന്ന സിനിമയില്‍ താന്‍ ഒരു സീനില്‍ വക്കീലായി വരുന്നുണ്ടെന്നും ആ വക്കീല്‍ വേഷമാണ് തന്റെ പങ്കാളി രമയ്ക്ക് ഏറ്റവും ഇഷ്ടമുള്ളതെന്ന് ജഗദീഷ് പറയുന്നു.
അതുതന്നെ ആസിഫ് അലിക്കും ഇഷ്ടമാണെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും വേറെയും സിനിമകളില്‍ താന്‍ വ്യത്യസ്തമായ വക്കീല്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര കുറ്റവാളി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.
കോടതിമുറിയില്‍ ശരിക്കും വക്കീലന്മാര്‍ ഇങ്ങനെത്തന്നെയാണ് എന്നാണ് അത് കണ്ട് രമ എന്നോട് പറഞ്ഞത്
‘ഞാന്‍ ചെയ്‌തൊരു ചെറിയ വക്കീല്‍ വേഷം കണ്ടിട്ട് ആസിഫ് അലി എന്നെ കോംപ്ലിമെന്റ് ചെയ്തിട്ടുണ്ട്. അതാണ് ഹരികൃഷ്ണന്‍സിലെ വക്കീല്‍. അത് കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. ആ സിനിമയില്‍ ഞാന്‍ ആകെ ഒരു സീനില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. രമയ്ക്ക് ഏറ്റവും ഇഷ്ടപെട്ട എന്റെ വക്കീല്‍ വേഷങ്ങളില്‍ ഒന്നാണ് ആസിഫിന് ഇഷ്ടമുള്ള വക്കീല്‍ കഥാപാത്രം. കോടതിമുറിയില്‍ ശരിക്കും വക്കീലന്മാര്‍ ഇങ്ങനെത്തന്നെയാണ് എന്നാണ് അത് കണ്ട് രമ എന്നോട് പറഞ്ഞത്.
എന്നാല്‍ വേറെയും വക്കീല്‍ വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഒഴിമുറി എന്ന സിനിമയില്‍ ഞാനും ആസിഫുമുണ്ട്. അതിലും വക്കീലാണ്. മേക്കപ്പ് മാനിലെ വിക്കുള്ള അഡ്വക്കേറ്റിനെയും ഞാന്‍ ചെയ്തിട്ടുണ്ട്. അങ്ങനെ പലതരത്തിലുള്ള വക്കീലന്മാരെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആഭ്യന്തര കുറ്റവാളി എന്ന സിനിമയിലും വളരെ വ്യത്യസ്തമായ വക്കീല്‍ വേഷമാണ് ഞാന്‍ ചെയ്യുന്നത്,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish Talks About His Advocate Characters