Advertisement
IPL
ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ അവന്റെ മൂല്യം വര്‍ധിക്കുമായിരുന്നു; തുറന്ന് പറഞ്ഞ് സേവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 14, 03:45 am
Monday, 14th April 2025, 9:15 am

ഐ.പി.എല്‍ 2025ല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമിന്റെ സീസണിലെ അപരാജിത കുതിപ്പിന് വിരാമമിട്ട് 12 റണ്‍സിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്.

മുംബൈ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 193ന് പുറത്തായി. 19ാം ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ പിറന്ന മൂന്ന് റണ്‍ ഔട്ടുകളാണ് മുംബൈ ഇന്ത്യന്‍സിന് രണ്ടാം വിജയം സമ്മാനിച്ചത്.

മത്സരത്തില്‍ ദല്‍ഹിക്കായി കരുണ്‍ നായര്‍ മിന്നും പ്രകടനം നടത്തി വിജയ പ്രതീക്ഷ നല്‍കിയിരുന്നു. ഇംപാക്ട് പ്ലെയറായെത്തി വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായാണ് താരം തിളങ്ങിയത്. 40 പന്ത് നേരിട്ട് 89 റണ്‍സാണ് കരുണ്‍ മുംബൈക്കെതിരെ അടിച്ചെടുത്തത്.

12 ഫോറും അഞ്ച് സിക്സറും അടക്കം 222.50 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്. 2022ന് ശേഷം ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തിയാണ് കരുണ്‍ നായര്‍ ഈ മാസ്മരിക പ്രകടനം കാഴ്ച വെച്ചത്. മിച്ചല്‍ സാന്റ്നറിന്റെ മിസ്റ്ററി ഡെലിവെറിയില്‍ ക്ലീന്‍ ബൗള്‍ഡായാണ് കരുണ്‍ മടങ്ങിയത്.

ഇപ്പോള്‍ താരത്തിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. കരുണ്‍ നായര്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മികച്ച രീതിലാണ് ബാറ്റ് ചെയ്തതെന്നും ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറക്കെതിരെ നടത്തിയ പ്രകടനമാണ് തന്നെ സംബന്ധിച്ച് ഏറ്റവും മികച്ചതെന്നും സേവാഗ് പറഞ്ഞു.

‘കരുണ്‍ നായര്‍ നന്നായി കളിച്ചു. ജസ്പ്രീത് ബുംറക്കെതിരെ വരെ അവന്‍ 2 ഓവറില്‍ 20 റണ്‍സ് അടിച്ചു. എന്നെ സംബന്ധിച്ച് അതായിരുന്നു ഏറ്റവും മികച്ചത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പഞ്ചാബ് കിങ്സിനൊപ്പമായിരുന്നു. പക്ഷേ മികച്ച പ്രകടനം കാഴ്ചവെക്കാനാവാത്തതിനാല്‍ ഫ്രാഞ്ചൈസി അവനെ റിലീസ് ചെയ്തു.

സംസ്ഥാന ടീമായ കര്‍ണാടകയില്‍ നിന്ന് വേര്‍പിരിഞ്ഞ് കരുണ്‍ വിദര്‍ഭയില്‍ ചേരുകയും അവര്‍ക്കായി ധാരാളം റണ്‍സ് നേടുകയും ചെയ്തു,’ സേവാഗ് പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ച്വറി നേടി കളി ജയിപ്പിച്ചിരുന്നെങ്കില്‍ കരുണിന്റെ മൂല്യം വര്‍ധിക്കുമായിരുന്നുവെന്നും സേവാഗ് പറഞ്ഞു. ഒരിക്കല്‍ കരുണ്‍ തനിക്ക് രണ്ടാമതൊരു അവസരം തരൂയെന്ന് പറഞ്ഞിരുനെന്നും ഇപ്പോള്‍ അദ്ദേഹത്തിന് അത് ലഭിച്ചുവെന്നും മുന്‍താരം കൂട്ടിച്ചേര്‍ത്തു.

‘മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ച്വറി നേടി കളി ജയിപ്പിച്ചിരുന്നെങ്കില്‍ അവന്റെ മൂല്യം വര്‍ധിക്കുമായിരുന്നു. ‘ക്രിക്കറ്റ്, എനിക്ക് രണ്ടാമതൊരു അവസരം തരൂ’ എന്ന് അവന്‍ ഒരിക്കല്‍ പറഞ്ഞു. ഇന്ന് മുംബൈയ്ക്കെതിരെ കരുണിന് രണ്ടാമത്തെ അവസരം ലഭിച്ചതായി എനിക്ക് തോന്നുന്നു,’ സേവാഗ് പറഞ്ഞു.

കരുണ്‍ നായര്‍ക്ക് പുറമെ ദല്‍ഹിക്കായി 25 പന്തില്‍ 33 റണ്‍സെടുത്ത യുവതാരം അഭിഷേക് പോരല്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ജസ്പ്രീത് ബുംറ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് റണ്‍ ഔട്ടുകളാണ് ദല്‍ഹിയുടെ തോല്‍വിക്ക് കാരണമായത്.

മുംബൈക്കായി ഇംപാക്ട് പ്ലെയറായെത്തിയ കരണ്‍ ശര്‍മ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ന്യൂസിലാന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ദീപക് ചഹറും ബുംറയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തിലക് വര്‍മ (33 പന്തില്‍ 59), റിയാന്‍ റിക്കല്‍ടണ്‍ (25 പന്തില്‍ 41), സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 40), നമന്‍ ധിര്‍ (17 പന്തില്‍ 38) എന്നിവരാണ് മുംബൈയ്ക്ക് വേണ്ടി തിളങ്ങിയത്.

Content Highlight: IPL 2025: DC vs MI: Former Indian Cricketer Virender Sehwag talks about Delhi Capitals batter Karun Nair