ഖാലിദ് റഹ്‌മാന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു 2022ല്‍ റിലീസായ തല്ലുമാല. മുഹ്സിന്‍ പരാരിയുടെ രചനയില്‍ ടൊവിനോ തോമസ് നായകനായ ചിത്രം ബോക്സ് ഓഫീസില്‍ 30 കോടിക്ക് മുകളില്‍ നേടി. വളരെ വ്യത്യസ്തമായ കഥപറച്ചിലിലൂടെയും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും മലയാളത്തിന് പുറത്തും ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടു.
ഇപ്പോള്‍ തല്ലുമാലയുടെ സമയത്ത് ലൊക്കേഷനിലുണ്ടായ ചെറിയ അഭിപ്രായ വ്യത്യാസത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍. തല്ലുമാലയില്‍ പാത്തുറാപ്പ് എന്ന സീന്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും ആ സമയത്ത് എന്തോ സംശയം ചോദിക്കാനായി കോസ്റ്റിയൂം ഡിസൈനര്‍ വന്നെന്നും ഖാലിദ് റഹ്‌മാന്‍ പറയുന്നു. പിന്നെ അവിടെ നടന്നത് വലിയ ബഹളമായിരുന്നുവെന്നും താനും കോസ്റ്റിയൂം ഡിസൈനറും വയലന്റായെന്നും ഷൂട്ട് നിര്‍ത്തിവെക്കുന്ന സാഹചര്യം വരെ ഉണ്ടായെന്നും ഖാലിദ് പറഞ്ഞു.
രണ്ടു മിനിറ്റിന്റെ ബ്രേക്ക് പറഞ്ഞ് താന്‍ മാറി ഇരുന്നെന്നും എന്നാല്‍ കൊറിയോഗ്രാഫര്‍ വന്നുനോക്കുമ്പോള്‍ താനും കോസ്റ്റിയൂം ഡിസൈനറും ഒന്നിച്ചിരുന്ന് ചായ കുടിക്കുന്നതാണ് കണ്ടതെന്നും വഴക്കും അഭിപ്രായ വ്യത്യാസവുമെല്ലാം ഈ ഗെയിമിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖാലിദ് റഹ്‌മാന്‍.
‘തല്ലുമാലയില്‍ പാത്തുറാപ്പ് എന്ന സീന്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കൊറിയോഗ്രാഫറും അദ്ദേഹത്തിന്റെ ടീമും വന്നിട്ടുണ്ട്. അവരെല്ലാവരും കൊറിയോഗ്രാഫി പ്രാക്ടീസ് ചെയ്യുകയാണ്. അവരുടെ റിഹേഴ്‌സല്‍ എല്ലാം കണ്ടുകൊണ്ട് ഞാനും അവിടെ ഇരിക്കുന്നുണ്ട്. അപ്പോള്‍ കോസ്റ്റിയൂം ഡിസൈനര്‍ മസ്ഹര്‍ ഹംസ ലൊക്കേഷനിലേക്ക് വന്നു. അവന്‍ ഏതോ ഒരു ഡ്രസ്സിന്റെ പേരില്‍ ചെറിയൊരു കണ്‍ഫ്യൂഷനുമായിട്ടാണ് വന്നത്.
വഴക്കും അഭിപ്രായ വ്യത്യാസവുമെല്ലാം ഈ ഗെയിമിന്റെ ഭാഗമാണ്
പിന്നെ അവിടെ നടന്നത് ഞാനും മഷറും തമ്മിലുള്ള പൊരിഞ്ഞ അടിയാണ്. ഫുള്‍ ഒച്ചപ്പാടും ബഹളവും. അത് കണ്ട് കൊറിയോഗ്രാഫര്‍ ആകെ പേടിച്ചുപോയി. സംവിധായകന്‍ ആകെ ബഹളമാണ്, കോസ്റ്റിയൂം ഡിസൈനര്‍ അതിലും വയലന്റാണ് എന്നൊക്കെ കരുതി ആ പാവം പേടിച്ച് പോയി. ഇനി എവിടെ ഞാന്‍ നിന്നാല്‍ ഷൂട്ട് നടക്കില്ല എന്ന അവസ്ഥവരെയെത്തി.
ഞാന്‍ എന്നിട്ട് ഒരു രണ്ടു മിനിറ്റ് ബ്രേക്ക് പറഞ്ഞ് മാറി ഇരുന്നു. കുറച്ച് കഴിഞ്ഞ് കൊറിയോഗ്രാഫര്‍ വാഷ് റൂമില്‍ പോകാനായി വന്നപ്പോള്‍ കാണുന്നത് ഞാനും മഷറും കൂടി കട്ടന്‍ ചായയും കുടിച്ച് ഒരു പഴംപൊരി ഷെയറാക്കി കഴിക്കുന്നതാണ്. വഴക്കും അഭിപ്രായ വ്യത്യാസവുമെല്ലാം ഈ ഗെയിമിന്റെ ഭാഗമാണ്,’ ഖാലിദ് റഹ്‌മാന്‍ പറയുന്നു.
Content Highlight: Khalid Rahman Shares An Incident In The Set Of Thallumala