മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് വിനയ് ഫോര്‍ട്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ ഓരോന്നും മികച്ചതാക്കാന്‍ താരത്തിന് സാധിക്കാറുണ്ട്. നര്‍മം നിറഞ്ഞ കഥാപാത്രങ്ങള്‍ ആണെങ്കിലും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും വിനയ് ഫോര്‍ട്ടിന്റെ കൈകളില്‍ ഭദ്രമാണ്.
തമിഴ് സിനിമയെ കുറിച്ചും മലയാള സിനിമയെ കുറിച്ചും സംസാരിക്കുകയാണ് വിനയ് ഫോര്‍ട്ട്. രാക്ഷസന്‍ പോലൊരു തമിഴ് സിനിമ കേരളത്തില്‍ വിജയിച്ചപ്പോള്‍ തനിക്ക് അത്ഭുതമായിരുന്നുവെന്നും എടുത്തുപറയത്തക്ക താരങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും ആ സിനിമ നന്നായി ഓടിയെന്നും വിനയ് പറഞ്ഞു.
തമിഴ് സിനിമയുടെ അത്ര പ്രേക്ഷകര്‍ മലയാള സിനിമക്കില്ലെന്നും തമിഴിലും തെലുങ്കിലും അതിര്‍ത്തികള്‍ ഭേദിച്ച് ആളുകള്‍ സിനിമ കാണുന്നുണ്ടെന്നും വിനയ് പറയുന്നു. മുമ്പ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘രാക്ഷസന്‍ പോലൊരു തമിഴ് സിനിമ ഇവിടെ വിജയിച്ചപ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു. എടുത്തുപറയത്തക്ക ഒരു പ്രശസ്ത നടന്‍ പോലുമില്ലായിരുന്നിട്ടും സിനിമ നന്നായി ഓടി. അതിലെ നായകനും വില്ലനും എല്ലാവരും പുതുമുഖങ്ങളാണ്. എന്നിട്ടും പ്രമേയ വൈവിധ്യം കൊണ്ടും അത് ട്രീറ്റ് ചെയ്ത രീതികൊണ്ടും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പുതുമുഖങ്ങളെവെച്ച് ഒരു മുഴുനീള ത്രില്ലര്‍ തന്നെയാണ് സംവിധായകന്‍ ഒരു ക്കിയത്. മലയാളത്തില്‍ അത്തരം ഒരു പരീക്ഷണം നടത്താന്‍ ആരും ധൈര്യപ്പെടില്ല.
തമിഴ് സിനിമകളുടെ അത്ര തന്നെ പ്രേക്ഷകര്‍ മലയാളികള്‍ക്കില്ല. തമിഴ് സിനിമ അതിര്‍ത്തികള്‍ ഭേദിച്ച് ആളുകള്‍ കാണുന്നുണ്ട്. തെലുങ്കില്‍ ആണെങ്കില്‍ രാവിലെ എഴുന്നേറ്റ് പല്ലുതേക്കുന്ന പോലെയാണ് ആളുകള്‍ക്ക് സിനിമ. ജീവിതത്തില്‍ മാറ്റിവെക്കാന്‍ പറ്റാത്ത ശീലമാണ് അവര്‍ക്കത്. അതുകൊണ്ടുതന്നെയാണ് തെലുങ്കില്‍ പടങ്ങള്‍ക്ക് വലിയ പരിക്ക് സംഭവിക്കാത്തതും.
മലയാളികള്‍ സിനിമയെടുക്കുന്നത് മലയാളികളായ മൂന്നരക്കോടി ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. അത് തന്നെയാണ് ഏറ്റവും പ്രധാനമായ വ്യത്യാസം. ഒരു മലയാള സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ അന്വേഷിച്ചിട്ടൊക്കെയാണ് ആള്‍ക്കാര്‍ അത് കാണാന്‍ പോകുന്നത്. എങ്ങനെ ഉണ്ട് എന്നത് അന്വേഷിച്ചതിനുശേഷം ബാക്കിയുള്ളവരുടെ തീരുമാനത്തിനനുസരിച്ചാണ് മിക്ക മലയാളികളും സിനിമകാണുന്നത്.
പബ്ലിസിറ്റികൊണ്ട് കാണുന്ന ക്രൗഡ് ആണ് കൂടുതല്‍. എങ്കിലും നല്ല കഥയും നല്ല ട്രീറ്റ്മെന്റും കൊടുത്താല്‍ മലയാള സിനിമയിലും വിപ്ലവം വരും എന്നകാര്യം പലപ്പോഴായി നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. സോഷ്യല്‍ മീഡിയയും അതില്‍ നല്ല പങ്കുവഹിക്കുന്നുണ്ട്. നല്ല പടമാണ് എന്ന പബ്ലിസിറ്റി മാധ്യമങ്ങളിലൂടെ കിട്ടുമ്പോള്‍ അതിന്റെ ഫലം തിയേറ്ററിലും പ്രതിഫലിക്കുന്നു,’ വിനയ് ഫോര്‍ട്ട് പറയുന്നു.
Content Highlight: Vinay Forrt Talks About Malayalam Cinema And Tamil Cinema