Advertisement
national news
'അത് കെട്ടിച്ചമച്ച കേസുകളാണ്, അജയ് കുമാര്‍ ലല്ലുവിനെ മോചിപ്പിക്കണം'; പാര്‍ട്ടി അധ്യക്ഷനുവേണ്ടി യു.പി സര്‍ക്കാരിനോട് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 25, 05:36 am
Monday, 25th May 2020, 11:06 am

ലക്‌നൗ: യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെതിരെ ചുമത്തിയിരിക്കുന്ന വ്യാജവും രാഷ്ട്രീയ പ്രേരിതവുമായ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ലല്ലുവിനെ ജയില്‍ മോചിതനാക്കണമെന്നും കോണ്‍ഗ്രസ് യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതിഥി തൊഴിലാളികള്‍ക്ക് ബസ് ഏര്‍പ്പാടാക്കുന്നതുമായി നടന്ന തര്‍ക്കത്തിനിടെ മെയ് 20നാണ് യു.പി പൊലീസ് ലല്ലുവിനെ അറസ്റ്റ് ചെയ്തത്. ബസുകള്‍ക്ക് അനുമതി നല്‍കാത്ത സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി.

വിഷയത്തില്‍ ആഗ്ര കോടതിയില്‍നിന്നും ലല്ലു ജാമ്യമെടുത്തെങ്കിലും രണ്ടാമതൊരു കേസും കൂടി ചുമത്തി പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

ലല്ലുവിനെതിരായ നടപടികളില്‍ ആദിത്യനാഥ് സര്‍ക്കാരിലെ ഉന്നതരുടെ ഇടപെടലുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല ആരോപിക്കുന്നത്. അജയ് കുമാര്‍ ലല്ലുവിനെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുകയാണെന്നും ലല്ലു അതിഥി തൊഴിലാളികളെ സഹായിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതെന്നും ശുക്ല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക