'മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുരോഗതി മനസ്സിലാക്കണമെങ്കില്‍ അമര്‍ത്യ സെന്‍ അല്‍പ കാലം ഇന്ത്യയില്‍ ചെലവഴിക്കണം': നീതി ആയോഗ് വൈസ് ചെയര്‍മാന്‍
national news
'മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുരോഗതി മനസ്സിലാക്കണമെങ്കില്‍ അമര്‍ത്യ സെന്‍ അല്‍പ കാലം ഇന്ത്യയില്‍ ചെലവഴിക്കണം': നീതി ആയോഗ് വൈസ് ചെയര്‍മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th July 2018, 5:08 pm

ന്യൂദല്‍ഹി: സര്‍ക്കാര്‍ ഇന്ത്യയില്‍ കൊണ്ടു വന്നിട്ടുള്ള നവീകരണ പ്രവൃത്തികള്‍ നേരിട്ടുകണ്ടു മനസ്സിലാക്കാനായി അമര്‍ത്യസെന്‍ അല്‍പ കാലം രാജ്യത്തിനകത്ത് ചെലവഴിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. 2014നു ശേഷം ഇന്ത്യ പുറകോട്ടാണ് സഞ്ചരിച്ചിട്ടുള്ളതെന്ന സെന്നിന്റെ പ്രസ്താവനയോടു പ്രതികരിക്കവെയാണ് മോദി സര്‍ക്കാരിന്റെ മുന്നേറ്റങ്ങള്‍ കാണണമെങ്കില്‍ രാജ്യത്ത് സമയം ചെലവഴിക്കണമെന്ന രാജീവ് കുമാറിന്റെ പരാമര്‍ശം.

“പ്രൊഫസര്‍ അമര്‍ത്യസെന്‍ അല്‍പകാലം ഇന്ത്യയില്‍ ചെലവഴിച്ചിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു. ചുറ്റുമുള്ള സാഹചര്യങ്ങള്‍ അദ്ദേഹത്തിന് നേരിട്ട് വീക്ഷിക്കാമല്ലോ. അത്തരമൊരു പ്രസ്താവന നടത്തുന്നതിനു മുന്‍പ് മോദി സര്‍ക്കാര്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ചെയ്തിട്ടുള്ള പ്രവൃത്തികള്‍ വിലയിരുത്തുകയെങ്കിലും ചെയ്യാമായിരുന്നു.” രാജീവ് കുമാര്‍ പറഞ്ഞു.

രാജ്യത്ത് ഇത്രയധികം പുരോഗതിയുണ്ടായിട്ടുള്ള മറ്റൊരു കാലഘട്ടം ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോയെന്നും രാജീവ് സെന്നിനെ വെല്ലുവിളിക്കുന്നു.”ഇന്ത്യയെ ശുചിത്വമുള്ളതും സാമ്പത്തികഭദ്രതയുള്ളതുമാക്കാനായി ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള മറ്റൊരു ഭരണകാലം കാണിച്ചുതരാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്.” കുമാര്‍ പറയുന്നു.


Also Read: അഭിമന്യൂ വധം; കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം അറസ്റ്റില്‍


വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ ഒരോരുത്തരിലേക്കും എത്തുന്ന തരത്തിലാണ് രാജ്യത്ത് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള നവീകരണങ്ങള്‍ എന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇക്കാര്യം അദ്ദേഹത്തിന് വ്യക്തമായിട്ടില്ലെങ്കില്‍ അല്‍പ സമയം അദ്ദേഹം രാജ്യത്ത് ചെലവഴിക്കേണ്ടതുണ്ടെന്നും രാജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ പുതിയ പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് രാജ്യത്തിന്റെ പുരോഗതി പുറകോട്ടടിക്കപ്പെടുകയാണെന്ന് അമര്‍ത്യസെന്‍ അഭിപ്രായപ്പെട്ടത്. 2014നു ശേഷം രാജ്യം പുറകോട്ടാണ് സഞ്ചരിക്കുന്നതെന്നും പ്രദേശത്ത് പാക്കിസ്ഥാനു ശേഷം ഏറ്റവും മോശപ്പെട്ട അവസ്ഥയിലുള്ള രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.